ഓണക്കാലം പുനലൂരിനെ കൂരിരുട്ടിലാക്കി നഗരസഭാ ഭരണ നേതൃത്വം
1452488
Wednesday, September 11, 2024 6:05 AM IST
35 വാർഡുകളിൽ ബൾബുകൾ വാങ്ങുന്നതിനുള്ള പദ്ധതി പിടിപ്പുകേടുമൂലം പാഴായി
പുനലൂർ: ഓണക്കാലം നഗരസഭാ പ്രദേശത്തെ കൂരിരുട്ടിലാക്കി നഗരസഭാ ഭരണ നേതൃത്വം. 35 വാർഡുകളിൽ തെരുവു വിളക്കുകളുടെ പരിപാലനത്തിനായി ബൾബുകൾ വാങ്ങുന്നതിനുള്ള പദ്ധതിയാണ് പിടിപ്പുകേടും പടലപ്പിണക്കവും മൂലം ഓണക്കാലത്ത് നടപ്പിലാക്കാൻ കഴിയാതെ പോയത്. തെരുവുവിളക്കുകളുടെ പരിപാലനത്തിനായി ബൾബുകൾ വാങ്ങുന്നതിനായി വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ നീക്കിവെച്ചിരുന്നു.
അക്രെഡിറ്റഡ് ഏജൻസികൾ വഴി പദ്ധതി നടപ്പിലാക്കുന്നതിനായി ടെൻഡര്‍ നടപടികൾ സ്വീകരിച്ചെങ്കിലും 23 വോൾട്ടിന്റെ ഒരു ബൾബിന് 395 രൂപ നിരക്കിൽ 4600 ബൾബുകൾ വാങ്ങുന്നതിനായി അക്രെഡിറ്റഡ് ഏജൻസിയായ കെഇഎല്‍ എന്ന സ്ഥാപനത്തില്‍ നിന്നും ലഭിച്ച കരാർ അംഗീകരിക്കുന്നതിനായി നഗരസഭ ഭരണ നേതൃത്വം മുന്നോട്ടു പോയെങ്കിലും ചിലർ ഇതിൽ തുക വളരെ കൂടുതലാണ് എന്ന് ആക്ഷേപം ഉണ്ടാക്കി.
മറ്റ് ചില വന്‍കിട സ്ഥാപനങ്ങള്‍ വിപണിയില്‍ 200 രൂപയില്‍ താഴെ നല്കുന്ന ബൾബുകൾ ആണ് 395 രൂപ നിരക്കില്‍ വാങ്ങാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു ഇവരുടെ ആക്ഷേപം. പക്ഷെ യോഗങ്ങളില്‍ അവർ ആ ആക്ഷേപം പരസ്യമായി പ്രകടിപ്പിച്ചതുമില്ല. എന്നാല്‍ ഭരണസമിതി തന്നെ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെ ഈ നിരക്കില്‍ ബൾബുകൾ വാങ്ങിയാല്‍ നഗരസഭയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടം ഉണ്ടാകുമെന്ന് നിര്‍വഹണ ഉദ്യോഗസ്ഥ ഫയലില്‍ രേഖപ്പെടുത്തി.
അതോടെ പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത നിലയിലായി. പല കൗണ്‍സിലര്‍മാരും തമിഴ്നാട്ടില്‍ പോയി പണം മുടക്കി ബൾബുകൾ വാങ്ങി ഇടുന്നതിനുള്ള ശ്രമത്തിലാണ്.എന്തായാലും ഓണക്കാലത്ത് എങ്കിലും നഗരത്തിലെ തെരുവ് വിളക്കുകള്‍ തെളിയുന്നത് കാണാന്‍ കാത്തിരുന്ന പട്ടണവാസികൾ നിരാശയിലായി.
കാട്ടിയ പല അഴിമതികളും പിടിക്കപ്പെട്ട ശേഷവും ബൾബുകൾ വാങ്ങുമ്പോള്‍ ഏഴ് ലക്ഷം തട്ടിയെടുക്കാന്‍ നടത്തിയ ശ്രമം അത്ഭുതപ്പെടുത്തുന്നതാണ്.
എന്തായാലും തട്ടിപ്പിന് നടത്തിയ ശ്രമം ഉദ്യോഗസ്ഥര്‍ പിടികൂടിയതിനാൽ ഓണക്കാലത്ത് പട്ടണത്തെ ഇരുട്ടിലേക്ക് തള്ളി വിട്ട നഗരസഭ ഭരണാധികാരികൾ മാപ്പര്‍ഹിക്കുന്നില്ലെന്ന് യുഡിഎഫ് പാര്ലമെനന്ററി പാര്‍ട്ടി ലീഡര്‍ ജി.ജയപ്രകാശ് പറഞ്ഞു.