ആയൂർ ചെറുപുഷ്പ സ്കൂളിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു
1452196
Tuesday, September 10, 2024 5:48 AM IST
ആയൂർ: ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ ഗ്രാൻഡ് പേരന്റ്സ് ഡേആഘോഷിച്ചു.
വൃദ്ധസദനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വൃദ്ധ മാതാപിതാക്കളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്ന ബോധ്യം കുഞ്ഞുങ്ങളിൽ ജനിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്ന മുതിർന്ന മാതാപിതാക്കൾ നേതൃത്വം വഹിച്ച പരിപാടിയിൽ അവർ തങ്ങളുടെ ജീവിതപാഠങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. അരുൺ ഏറത്ത്, ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, അധ്യാപക പ്രതിനിധി സജി ജോൺ എന്നിവർ പ്രസംഗിച്ചു.
കുടുംബത്തിന്റെ മൂല്യങ്ങൾ കുട്ടികളിൽ പതിപ്പിക്കാനും മുതിർന്ന മാതാപിതാക്കളുടെ ജീവിത പരിചയങ്ങൾ പഠിപ്പിക്കാനും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ഈ പരിപാടി അവസരം ഒരുക്കി.
മുത്തച്ഛന്മാർക്കും മുത്തശിമാർക്കുമുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന ചടങ്ങ് സ്കൂളിൽ ആഘോഷപരമായ അന്തരീക്ഷം സൃഷ്ടിച്ചു. ജീവിത മൂല്യങ്ങൾ രേഖപ്പെടുത്തുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും കുട്ടികൾ തയാറാക്കിയിരുന്നു.
കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു. സ്കൂളിൽ ഫ്ലവേഴ്സ് ഡേയും വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.