ഇരുപത്തിയെട്ടാം ഓണത്തിന് കല്ലട ജലോത്സവം നടത്തണം
1451886
Monday, September 9, 2024 6:40 AM IST
കുണ്ടറ: കല്ലട ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗ് ഇരുപത്തിയെട്ടാം ഓണ ദിവസമായ ഒക്ടോബർ 12 ന് നടത്താൻ നടപടി വേണമെന്ന് ആവശ്യം ശക്തമായി.
വള്ളംകളിയുടെ തുടക്കത്തിൽ ഇരുപത്തിയെട്ടാം ഓണത്തിന് ആയിരുന്നു ജലോത്സവം നടത്തിയിരുന്നത്. കല്ലട ജലോത്സവം മൂന്ന്കരകളുടേയും മഹോത്സവം ആയിരുന്നു. മൺറോ തുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകൾ ചേർന്ന് ജനകീയ സംഘാടക സമിതികൾ വിളിച്ചുചേർത്ത് കല്ലട ജലോത്സവം സംഘടിപ്പിക്കണമെന്ന ആവശ്യം ഉയരുകയാണ്.
കഴിഞ്ഞ വർഷം കല്ലട ഫെസ്റ്റ് എന്ന പേരിൽ വിപുലമായ തരത്തിൽ ജലോത്സവം നടത്തുമെന്ന് പറഞ്ഞിരുന്നു. പല കാരണങ്ങളാൽ അത് നടന്നില്ല. നാടിന്റെ ഉത്സാഹത്തേയുംആവേശത്തേയും സാരമായി ബാധിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിയും കോവൂർ കുഞ്ഞുമോൻ എംഎൽഎയും ചേർന്ന് ജലോത്സവം സംഘടിപ്പിക്കാൻ പരിശ്രമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇരുപത്തിയെട്ടാം ഓണത്തിന് കല്ലട ജലോത്സവം നടത്തണമെന്ന് കോൺഗ്രസ് മൺട്രോതുരുത്ത് മണ്ഡലം പ്രസിഡന്റ് ഷിബു മൺട്രോയും കെപിസിസി വിചാര വിഭാഗ് മൺറോ തുരുത്ത് മണ്ഡലം പ്രസിഡന്റ് കന്നിമേൽ അനിൽകുമാറും ആവശ്യപ്പെട്ടു. ജലോത്സവത്തിന്റെ തനിമയ്ക്ക് തടസം വരാതെ നടത്താൻ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും തയാറാകണമെന്നും ഇതുസംബന്ധിച്ച് ടൂറിസം മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകുമെന്നും ഷിബു മൺറോ അറിയിച്ചു.