ആശ്രാമം മൈതാനത്ത് സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി
1451385
Saturday, September 7, 2024 6:02 AM IST
കൊല്ലം: സപ്ലൈകോയുടെ ജില്ലാ ഓണം ഫെയര്‍ ആശ്രാമം മൈതാനത്ത് ആരംഭിച്ചു. എല്ലാ നിത്യോപയോഗ സാധനങ്ങൾ 20 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു. ഓണക്കാലത്ത് ദൗര്‍ലഭ്യമില്ലാതെ അവശ്യ സാധനങ്ങളെല്ലാം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയുടെ ഡീപ്പ് ഡിസ്കൗണ്ട് ആനുകൂല്യം ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകുന്നേരം നാലുവരെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും. വിലക്കുറവിന് പുറമേ 10 ശതമാനം കൂടി അധിക വിലക്കുറവ് നല്‍കുന്നതാണ് ഡീപ് ഡിസ്കൗണ്ട്. 14 വരെ ഓണം ഫെയര്‍ നടക്കും.
13 ഇന സബ്സിഡി സാധനങ്ങള്‍ തുടര്‍ച്ചയായി ലഭ്യമാക്കാനുള്ള സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ബിന്ദു, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ മണികുമാര്‍ എന്നിവര്‍ അറിയിച്ചു. മില്‍മ, കേരഫെഡ്, കുടുംബശ്രീ, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ സ്റ്റാളുകള്‍ ഓണം ഫെയറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എംഎല്‍എ ആദ്യവില്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.