അപൂർവ രോഗചികിത്സയ്ക്ക് 50 ലക്ഷം രൂപവരെ സഹായം
1451081
Friday, September 6, 2024 6:12 AM IST
പദ്ധതി നടപ്പാക്കുന്നത് എസ്എടിയിൽ
കൊല്ലം: ഡുചെന്‍ മസ്കുലാര്‍ ഡിസ്ട്രോഫി രോഗികള്‍ക്ക് (ഡിഎംഡി) ചികിത്സയ്ക്കായി കേന്ദ്ര പദ്ധതി പ്രകാരം 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
ഡുചെന്‍ മസ്കുലാര്‍ ഡിസ്ട്രോഫി രോഗികള്‍ക്ക് ചികിത്സയ്ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എംപി ആവശ്യപ്പെട്ടിരുന്നു. എംപി യുടെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര രേഖാമൂലം നല്കിയ മറുപടിയിലാണ് വിവരം അറിയിച്ചത്.
അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി ദേശീയ നയപ്രകാരം രോഗികള്‍ക്ക് ചികിത്സ ഉറപ്പു വരുത്താന്‍ ദേശീയ തലത്തില്‍ 12 മികവിന്റെ കേന്ദ്രങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
അപൂര്‍വരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ചികിത്സയ്ക്കായി 50 ലക്ഷം രൂപവരെ ധനസഹായം നല്കാന് മാര്‍ഗ നിര്‍ദsശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മാര്‍ഗ നിര്‍ദേശപ്രകാരം അര്‍ഹരായ രോഗികള്‍ക്ക് ധനസഹായം ലഭ്യമാകും. കേരളത്തില്‍ തെരഞ്ഞെടുത്ത മികവിന്റെ കേന്ദ്രം തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്ത്രീകളുടേയും കുട്ടികളുടേയും വിഭാഗമായ എസ്എടി ( ശ്രീഅവിട്ടം തിരുനാള്‍ അശുപത്രി )യാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ചികിത്സാ കേന്ദ്രമാണിത്.
ശിശുരോഗചികിത്സാ വിഭാഗത്തിലെ ഡോ. ആര്. ശങ്കറാണ് ചുമതലയുളള ഉദ്യോഗസ്ഥന്. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി ധനസഹായത്തിന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ നോഡല്‍ ഓഫീസറെ സമീപിക്കാമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി എന്‍.കെ. പ്രേമചന്ദ്രന് എംപിയെ അറിയിച്ചു.