റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി
1443680
Saturday, August 10, 2024 5:58 AM IST
കൊല്ലം: റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ ക്വട്ടേഷന്‍ നല്കി വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിലെ കൊല്ലം ഓലയില്‍ ബ്രാഞ്ച് മാനേജര്‍ തേവള്ളി റോട്ടറി ക്ലബിന് സമീപം കാവില്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന സരിത (45), ബ്രാഞ്ച് എക്സിക്യൂട്ടീവ് മരുത്തടി വാസുപിള്ള ജംഗ്ഷന് സ്വദേശി കെ.പി. അനൂപ് (37), അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച പോളയത്തോട് അനിമോന് മന്‍സിലില്‍ അനിമോന് (44), സുഹൃത്ത് ഓട്ടോ ഡ്രൈവറായ കടപ്പാക്കട ശാസ്ത്രിനഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ മാഹീന് (47),
വാഹനം വാടകയ്ക്ക് നല്കിയ പോളയത്തോട് ശാന്തിനഗര്‍ സല്‍മ മന്‍സിലില്‍ ഹാഷിഫ് അലി (27) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികളായ അനിമോന്, മാഹീന്, സരിത, കെ.പി അനൂപ് എന്നിവരെ എട്ടു ദിവസത്തേക്കും അഞ്ചാം പ്രതി ഹാഷിഫിനെ നാലു ദിവസത്തേക്കുമാണ് കസ്റ്റഡില്‍ ലഭിച്ചത്.
പ്രതികളെ സംഭവം നടന്ന ആശ്രാമം ശ്രീനാരായണ കണ്വന്ഷന് സെന്ററിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. സരിതയേയും അനൂപിനേയും തേവള്ളി ഓലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലെത്തിച്ചും തെളിവെടുക്കും. അനിമോന്, മാഹീന്, ഹാഷിഫ് എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കാനും സാധ്യതയുണ്ട്.
അഞ്ച് വര്‍ഷത്തിലേറെയായി ഈ ബ്രാഞ്ചില്‍ മാനേജറായിരുന്ന സരിത സമാനമായി സാമ്പത്തിക തിരിമറി നടത്തിയ മറ്റ് ഏഴ് സംഭവങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിക്കും. കൂടാതെ സ്ഥാപനത്തിലെ സ്ഥിര നിക്ഷേപങ്ങള്‍ സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കുന്ന അന്വേഷണ സംഘം 10 വര്‍ഷത്തില്‍ അധികമായി സ്ഥിര നിക്ഷേപങ്ങള്‍ തിരിച്ചെടുക്കാത്തവരെ കേന്ദ്രീകരിച്ചും കൂടുതല്‍ അന്വേഷണം നടത്തും.
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടും സരിതയ്ക്കെതിരേയോ, അനൂപിനെതിരേയോ പരാതി നല്‍കാത്ത സ്ഥാപനത്തെ പോലീസ് സംശയത്തോടെയാണ് കാണുന്നത്. അവിടത്തെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.ക്വട്ടേഷന്‍ സംഘാഗം അനിമോനും സരിതയും മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിലും അന്വേഷണം നടത്തും.
ജയറാം ഫിനാന്‍സില്‍ സമാനമായ കുറ്റകൃത്യം നടത്തിയിട്ടുണ്ടോയെന്നും ഇവര്‍ സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടടത്തിയിട്ടുണ്ടോയെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. പാപ്പച്ചന്റെ നിലവിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളും പരിശോധിക്കും. പാപ്പച്ചന്റെ മകള്‍ റേച്ചല്‍ പാപ്പച്ചനുമായി അന്വേഷണ സംഘം ആശയവിനിമയം നടത്തി.
സംഭവ ദിവസമായ മെയ് 23ലെ ആശ്രാമത്തും പരിസരത്തും പ്രദേശങ്ങളിലുമുള്ള അപകടമുണ്ടാക്കിയ വാഹനം കടന്നുപോയ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. സംഭവ ദിവസം അനൂപ് പാപ്പച്ചനെ വിളിച്ചതും സരിതയും അനിമോനും തമ്മിലുള്ള ഫോണ്‍വിളിയുടെ വിവരങ്ങും കേസില്‍ പ്രധാന തെളിവാണ്.
ശങ്കേഴ്സ് ആശുപത്രിക്ക് സമീപം കൈരളി നഗര്‍ കുളിര്‍മയില്‍ സി. പാപ്പച്ചന്റെ (82) മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത് മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്.