അശ്ലീല പദപ്രയോഗം നടത്തിയ കേസ്: റിമാന്‍ഡ് പ്രതിയെ കോടതിയില്‍ ഹാജരാക്കവേ ഓടിരക്ഷപെട്ടു
1443679
Saturday, August 10, 2024 5:58 AM IST
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് അശ്ലീല പദപ്രയോഗം നടത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കവേ കോടതിക്കുള്ളില്‍ നിന്ന് രക്ഷപെട്ടു.
പരവൂര്‍ കൂനയില്‍ തോട്ടുംകര തൊടിയില്‍ വീട്ടില്‍ വേട്ട അഭിജിത്ത് എന്ന് അറിയപ്പെടുന്ന അഭിജിത്ത്(21) ആണ് രക്ഷപെട്ടത്. രാത്രി വൈകിയും ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
മറ്റൊരു പോക്സോ കേസ് കൂടി ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഫോര്‍മല്‍ അറസ്റ്റിനായി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-2 ജഡ്ജി മുന്‍പാകെ ഹാജരാക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് ജഡ്ജിയുടെ ചേംബറിനു സമീപത്തെ വാതിലില്‍ക്കൂടി ഓടി രക്ഷപെടുകയായിരുന്നു.
കോടതി മതില് ചാടിക്കടന്ന് ആസൂത്രണ സമിതി ഓഫീസിനുള്ളില്‍ കൂടി കൊട്ടാരക്കുളം ഗണപതി ക്ഷേത്രം-ടിഡി റോഡില്‍ കൂടിയാണ് ഓടിമറഞ്ഞത്.
പിന്നാലെ എത്തിയ പോലീസ് സമീപ സ്ഥലത്തെ കെട്ടിടങ്ങളിലും പറമ്പിലുമെല്ലാം തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
പോലീസ് കൊല്ലത്ത് തെരച്ചില്‍ നടത്തുമ്പോള്‍, ഇയാള്‍ പരവൂരിലെ വീട്ടിലെത്തി വസ്ത്രങ്ങള്‍ അടങ്ങിയ ബാഗുമായി രക്ഷപെട്ടു. തൊട്ടുപിന്നാലെ പോലീസ് വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല. പ്രതി ചാടിപ്പോയിട്ടും വീട് നിരീക്ഷിക്കാതിരുന്നത് പോലീസിന്റെ വീഴ്ചയായി.
സ്കൂള്‍ വിദ്യാര്‍ഥിനികളെ പിന്തുടര്ന്ന് അസഭ്യം പറയുകയും ലൈംഗിക ചുവയോടെ അശ്ലീല പദപ്രയോഗം നടത്തിയതിനും കഴിഞ്ഞ 22 ന് പരവൂര്‍ പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്തു വന്നിരുന്ന ഇയാള്‍ക്കെതിരേ നിരവധി പരാതികളാണ് ഉള്ളത്.