കുളമ്പുരോഗം, ചര്‍മമുഴ പ്രതിരോധ കുത്തിവയ്പിനു തുടക്കമായി
1442446
Tuesday, August 6, 2024 4:41 AM IST
കൊല്ലം: കുളമ്പുരോഗം, ചര്‍മമുഴ രോഗത്തിനെതിരേ മൃഗസംരക്ഷണവകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവയ്പ് കാമ്പയിന് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന് ഉദ്ഘാടനം ചെയ്തു.
കര്‍ഷകരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് കാലികള്‍ക്ക് ഇത്തവണ കുത്തിവയ്പ് നടത്തുക. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 140 സ്ക്വാഡുകള്‍ രൂപീകരിച്ചു. 1,19,193 കാലികളെ ഇത്തവണ കുത്തിവയ്പിനു വിധേയമാക്കുന്നുണ്ട്. ഇതില്‍ 8658 എരുമകളും ഉള്‍പ്പെടും.
കുളമ്പുരോഗം, ചര്‍മമുഴ എന്നിങ്ങനെ കാലികളെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരേ 30 ദിവസത്തെ പ്രതിരോധ കുത്തിവയ്പ് കാമ്പയിനാണ് മൃഗസംരക്ഷണ വകുപ്പ് നടത്തുന്നത്.
കുളമ്പുരോഗത്തിനെതിരേയുള്ള കുത്തിവയ്പ് പശുക്കള്‍ക്കും എരുമകള്‍ക്കും ചര്‍മമുഴ രോഗത്തിനെതിരേയുള്ള കുത്തിവയ്പ് പശുക്കള്‍ക്ക് മാത്രമാണ് നല്‍കുക. ആകസ്മിക കുത്തിവയ്പ് അപകടങ്ങള്‍ നേരിടാന്‍ 20 അംഗ വെറ്ററിനറി സര്ജന്മാരുടെ ദ്രുതകര്‍മസേനയും രൂപീകരിച്ചിട്ടുണ്ട്. കുത്തിവയ്പിന് ശേഷം ഉരുക്കളുടെ ചെവിയില്‍ ടാഗ് പതിപ്പിച്ച് ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കും.
ജില്ലയിലെ 68 പഞ്ചായത്തുകള്‍, നാല് നഗരസഭകള്‍, കൊല്ലം കോര്പ്പറേഷന് എന്നിവിടങ്ങളിലാണ് കാമ്പയിന് നടക്കുന്നത്. നാലുമാസത്തില്‍ താഴെ പ്രായമുള്ള കിടാങ്ങള്‍, രോഗമുള്ള പശുക്കള്‍, പ്രസവിക്കാറായവ എന്നിവയെ കുത്തിവയ്പിൽ നിന്ന് ഒഴിവാക്കും.
ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ അധ്യക്ഷനായി. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ ചത്ത മൃഗങ്ങളുടേയും പക്ഷികളുടേയും പേരില്‍ ചടങ്ങില്‍ അനുശോചനം രേഖപ്പെടുത്തി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍മാരായ ഡോ. സിനില്‍, ഡോ. വിനോദ് ചെറിയാന്, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ആര്. ഗീതാറാണി തുടങ്ങിയവര്‍ പങ്കെടുത്തു.