പാറക്കുഴിയിൽ വീണ് പോണ്ടിച്ചേരി സ്വദേശി മരിച്ചു
1442026
Sunday, August 4, 2024 10:44 PM IST
കൊട്ടാരക്കര: ഖനനശേഷം ഉപേക്ഷിക്കപ്പെട്ട പാറക്കുഴിയിലെ വെള്ളത്തിൽ വീണു യുവാവ് മരിച്ചു. പോണ്ടിച്ചേരി സ്വദേശി ഇമ്മാനുവൽ ഡാനിയേൽ (20) ആണ് മരിച്ചത്. കരീപ്ര ഇളകോട് പാറമുക്കിലെ ആഴമുള്ള പാറക്കുഴിയിലെ വെള്ളത്തിലായിരുന്നു മുങ്ങി മരണം. വർക്കലയിലെ ഒരു റിസോർട്ടിൽവെച്ച് പരിചയപ്പെട്ട എട്ടംഗ സംഘമാണ് ഇവിടെ എത്തിയത്.
യുവതികളും യുവാക്കളുമടങ്ങുന്നതായിരുന്നു സംഘം. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ ഇവിടെ എത്തിയതെന്ന് പറയപ്പെടുന്നു.നാലു പേരാണ് വെള്ളത്തിലിറങ്ങിയത്. മുങ്ങി താഴ്ന്നു കൊണ്ടിരുന്ന രണ്ടുപേരെ നാട്ടുകാർ വടമെറിഞ്ഞു കൊടുത്തു രക്ഷപ്പെടുത്തി.
മൂന്നാമനായ തിരുവനന്തപുരം കരകുളം സ്വദേശി ഹേമന്ദിനെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും ഇമ്മാനുവേൽ ഡാനിയേൽ മുങ്ങി താഴ്ന്നിരുന്നു. സ്കൂബാ ടീമെത്തിയാണ് ഇയാളെ പുറത്തെടുത്തത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ. ഇവരെ കുറിച്ചും യാത്രയെ കുറിച്ചും ദുരൂഹത നിലനിൽക്കുന്നതായി പോലീസ് വ്യക്തമാക്കി.അന്വേഷണം ആരംഭിച്ചു.