പിതൃമോക്ഷത്തിനായി ബലിയർപ്പിച്ച് ആയിരങ്ങൾ
1441718
Sunday, August 4, 2024 1:02 AM IST
കൊല്ലം: പിതൃമോക്ഷത്തിനായി ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളിൽ കർക്കിടകവാവു ബലിയർപ്പിച്ച് ആയിരങ്ങൾ. പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണുക്ഷേത്രം, മുണ്ടയ്ക്കൽ പാപനാശനം, നീണ്ടകര പുത്തൻതുറ ആൽത്തറമൂട് മഹാവിഷ്ണുക്ഷേത്രം, വെളിനല്ലൂർ ശ്രീരാമക്ഷേത്രം, അഴീക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ബലിതർപ്പണം നടത്താൻ ഇന്നലെ പുലർച്ചെ മുതൽ നല്ല തിരക്കായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെ തിരുമുല്ലാവാരം ഉൾപ്പെടെയുള്ള സ്നാനഘട്ടങ്ങളിൽ ബലിയർപ്പിക്കാനായി ആളുകൾ എത്തിതുടങ്ങിയിരുന്നു. ഇന്നലെ പുലർച്ചയോടെയാണ് വാവ് ബലിയർപ്പിക്കൽ ചടങ്ങിന് തുടക്കമായത്. ഇന്ന് രാവിലെ 10.45 വരെ ബലിതർപ്പണത്തിന് ജ്യോതിഷപ്രകാരം സമയമുണ്ടെന്നാണ് പറയപ്പെടുന്നത്.
ജില്ലയിലെ സ്നാനഘട്ടങ്ങളിലെല്ലാം സംഘാടകർ മികച്ച സേവനമാണ് സജ്ജമാക്കിയിരുന്നത്. ജില്ലയിലെ പ്രധാന ബലി തർപ്പണ കേന്ദ്രമായ തിരുമുല്ലാവാരത്തെ ചടങ്ങിന്റെ ഭാഗമായി കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ 10.45 വരെ ബലിയിടാൻ സമയമുണ്ടായതിനാൽ ഇന്നും ആളുകൾ സ്നാനഘട്ടങ്ങളിൽ എത്തിയേക്കും.
പുനലൂരിൽ
പുനലൂർ: വിവിധ ക്ഷേത്രങ്ങളിൽ ബലി തർപ്പണം നടന്നു. തൃക്കോതേശ്വരം ശ്രീ മഹാദേവ ക്ഷേത്രക്കടവ്, മുഹൂർത്തിക്കാവ്, ടി.ബി. ജംഗ്ഷൻ, സ്നാനഘട്ടം, നെല്ലിപ്പള്ളി ശ്രീമഹാദേവ ക്ഷേത്രം, പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുളന്തടം, അഷ്ടമംഗലം, കരവാളൂർ പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം, വല്ലാറ്റ് ദേവീക്ഷേത്രം, ആര്യങ്കാവ് ശാസ്താ ക്ഷേത്രം, അച്ചൻകോവിൽ, പാലരുവി, ഇടമൺ പാലത്തറ, ഉറുകുന്ന് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. ചടങ്ങുകളിൽ നിരവിധി പേർ പങ്കെടുത്തു.
കരുനാഗപ്പള്ളിയിൽ
കരുനാഗപ്പള്ളി: പിതൃമോക്ഷം തേടി ആയിരങ്ങൾ വിവിധ സ്നാനഘട്ടങ്ങളിൽ ബലിതർപ്പണം നടത്തി. തൃപ്പാവുമ്പാ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിലും തില ഹവനത്തിലും ആയിരങ്ങൾ പങ്കെടുത്തു. രാവിലെ നാലുമുതൽ ചടങ്ങുകൾ തുടങ്ങി. അഞ്ചുമുതൽ ഗണപതി ഹോമം, തില ഹവനം, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.
പടനായർകുളങ്ങര തെക്ക് തേവർകാവ് ഭഗവതി ക്ഷേത്രത്തിന് മുന്നിലെ ത്രിവേണി സംഗമ സ്ഥാനത്തും ബലിതർപ്പണ ചടങ്ങുകൾ നടന്നു. ആയിരങ്ങൾ പങ്കെടുത്തു. രാവിലെ നാലിന് ചടങ്ങുകൾ തുടങ്ങി.
ക്ഷേത്രം മേൽശാന്തി രാജീവ് മുഖ്യകാർമികത്വം വഹിച്ചു. തിലഹവനവും നടന്നു. പുതിയകാവ് നീലകണ്ഠ തീർഥപാദാശ്രമത്തിലെ ബലിതർപ്പണ ചടങ്ങുകൾ രാവിലെ തുടങ്ങി. ചെറിയഴീക്കൽ, അഴീക്കൽ, വെളളനാത്തുരുത്ത്, പറയ കടവ് എന്നിവിടങ്ങളിൽ കടലിലോട് ചേർന്നുള്ള പ്രത്യേകം തയാറാക്കിയ സ്നാനഘട്ടങ്ങൾ തയാറാക്കിയിരുന്നു. നൂറുകണക്കിന് പേർ ബലിതർപ്പണ ചടങ്ങിൽ പങ്കെടുത്തു.
ചവറയിൽ
ചവറ: പിതൃമോക്ഷം തേടി നിരവധി പേർ വിവിധ ഇടങ്ങളിൽ ഒരുക്കിയ ബലിതർപ്പണ കേന്ദ്രങ്ങളിൽ ബലിയർപ്പിച്ചു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ പിതൃക്കളുടെ മോക്ഷത്തിനായി ബലിയർപ്പിക്കാൻ എത്തി. ചവറയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പുലർച്ച മുതൽ ബലിതർപ്പണം തുടങ്ങിയിരുന്നു.
നീണ്ടകര പുത്തൻതുറ ആൽത്തറമൂട് മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ കടൽ തീരത്ത് ഒരേസമയം 300 ൽ അധികം പേരാണ് ബലിതർപ്പണം നടത്തിയത്.
പന്മന അഞ്ചു മനയ്ക്കൽ ക്ഷേത്ര സമീപമുള്ള കടത്തു കടവിൽ ബലിതർപ്പണത്തിന് നിരവധി പേർ എത്തി. കടലിലും കായലിലും സ്നാനം നടത്താൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു . കർക്കിടക വാവുബലി തർപ്പണം പന്മന ആശ്രമത്തിലും നടന്നു. രാവിലെ ആറു മുതൽ പതിനൊന്നു വരെ ബലിതർപ്പണം ഉണ്ടായിരുന്നു.