കൂടുതൽ ജന്തുക്ഷേമ ക്ലിനിക്കുകൾ തുടങ്ങും : ഡോ. പി.കെ. ഗോപൻ
1435878
Sunday, July 14, 2024 3:32 AM IST
കൊല്ലം : ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജന്തുക്ഷേമ ക്ലിനിക്കുകൾ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ. കിഴക്കേക്കല്ലട ക്ഷീര സംഘത്തിൽ ജന്തുക്ഷേമ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ ഉരുക്കൾക്ക് ആവശ്യമുള്ള മരുന്നുകൾ, ടോണിക്കുകൾ, ധാതുലവണ മിശ്രിതങ്ങൾ, ജീവകങ്ങൾ എന്നിവ ക്യാമ്പുകളിലൂടെ വിതരണം ചെയ്യുന്ന പദ്ധതിയായ ജന്തുക്ഷേമ ക്ലിനിക് മൃഗസംരക്ഷണ വകുപ്പാണ് നടപ്പാക്കുന്നത്.
ജില്ലയിൽ ഉപ്പൂട് കിഴക്കേ കല്ലട, പെരിനാട് നാന്തിരിക്കൽ, കൈതക്കോട്, മയ്യനാട്, പാണ്ടിത്തിട്ട, പടിഞ്ഞാറ്റിൻകര, ആദിനാട് ക്ഷീരസംഘങ്ങളിൽ ജന്തുക്ഷേമ ക്ലിനിക്കുകളുണ്ട്. കാലിവളം ഉണക്കി പോഷകങ്ങൾ ചേർത്ത വളം വിതരണം ചെയ്യുന്ന മൊബൈൽ യൂണിറ്റുകൾ സ്ഥാപിക്കാനും ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷനായി. കിഴക്കേക്കല്ലട ക്ഷീരസംഘം പ്രസിഡന്റ് കല്ലട രമേശ്, ജില്ലാ പഞ്ചായത്ത് അംഗം സി. ബാൾഡ്വിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാദേവി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻ കുമാർ, ഡോ. ബി. സോജ, ഡോ. ശ്രദ്ധ കൃഷ്ണൻ, പുഷ്പലേഖ തുടങ്ങിയവർ പങ്കെടുത്തു.