ബയോ ടെക്നോളജി ലാബ് സ്ഥാപിക്കും: മന്ത്രി ചിഞ്ചുറാണി
1435871
Sunday, July 14, 2024 3:32 AM IST
കൊല്ലം : ജില്ലയിലെ വെളിനല്ലൂരിൽ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്റർ ലബോറട്ടറി തുടങ്ങുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുസജ്ജമായ ലബോറട്ടറി നിലവിൽ വരുന്നതോടെ എല്ലാവിധ രോഗനിർണയ പരിശോധനകളും സുഗമമാകും.
വന്യജീവികളുടേതടക്കം ആരോഗ്യ പരിശോധനകൾ നടത്താനുമാകും. കർഷകർക്കും അരുമ മൃഗസ്നേഹികൾക്കും ഏറെ പ്രയോജനകരമാകും പുതിയ സംവിധാനം. പാൽ ഉത്പാദന വർധനവിന് വിഘാതമായി നിൽക്കുന്ന വന്ധ്യതാ പ്ര ശ്നപരിഹാരത്തിനായി ചിതറയിൽ വന്ധ്യതാ മാനേജ്മെന്റ് മൊബൈൽ സെന്റർ ഉടൻ പ്രവർത്തനമാരംഭിക്കും. കുര്യോട്ടുമലയിൽ സ്ഥിരമായി നായ അഭയകേന്ദ്രവും എബിസി സെന്ററും സ്ഥാപിക്കും.
കർഷകർക്കുള്ള നഷ്ട പരിഹാരം അതിവേഗത്തിൽ നൽകാൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം. ഡോക്ടർമാരുടെ സേവനം കാലതാമസം കൂടാതെ നൽകാനും കഴിയണം. രോഗപ്രതിരോധ നടപടികൾ കുറ്റമറ്റരീതിയിൽ സമയബന്ധിതമായി നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി നിയന്ത്രിക്കാൻ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 30 കോടിയോളം രൂപയാണ് ഇതിനായി ചെലവായത്.
കേന്ദ്രസർക്കാരിന്റെ സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ എന്നിവ വഴി പക്ഷിപ്പനിബാധിത മേഖലകളിലെ ഇറച്ചിയുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ജില്ലാ കളക്ടർ എൻ. ദേവിദാസ് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻകുമാർ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.കെ. ആനന്ദ്എന്നിവർ പ്രസംഗിച്ചു.