പുനലൂർ എസ്എൻ കോളജിൽ പരിശീലന പരിപാടി
1435744
Saturday, July 13, 2024 6:16 AM IST
പുനലൂർ: ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) യുടേയും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ പുനലൂർ ശ്രീനാരായണ കോളജിലെ വിദ്യാർഥികൾക്കായി അടിയന്തര രക്ഷാപ്രവർത്തന മാർഗങ്ങൾ സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു.
അഗ്നിശമന മാർഗങ്ങൾ, ജലാശയ രക്ഷാപ്രവർത്തനം, വിവിധ തരത്തിലുള്ള മുറിവുകൾ, ഒടിവുകൾ എന്നിവ കൈകാര്യം ചെയ്യുന്നവിധം, സിപിആർ നൽകുന്ന വിധം, തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ടത് തുടങ്ങി പലവിധ അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്.
കോളജിലെ എൻസിസി, എൻഎസ്എസ് അംഗങ്ങളായ നൂറ്റിയൻപതോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ. ഷൈനി മാത്യൂസ് ഉദ്ഘാടനം ചെയ്തു. എൻഡിആർഎഫ് സംഘത്തിലെ മാസ്റ്റർ ട്രെയിനർ എസ്.ബി .സുജിത് ക്ലാസ് നയിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ദിവ്യ ജയൻ, പുനലൂർ താലൂക്ക് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ടി .എസ്. വിജയലക്ഷ്മി, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു .