പോ ലീസ് ജീപ്പുകളുടെ ഗ്ലാസ് തകർത്ത സംഭവം: പ്രതി പിടിയിൽ
1429822
Sunday, June 16, 2024 11:24 PM IST
കടയ്ക്കൽ : ചിതറ പോലീസ് സ്റ്റേഷനിലെ രണ്ടു ജീപ്പുകളുടെ ഗ്ലാസ് അടിച്ചുപൊട്ടിച്ച പ്രതി പിടിയിൽ.
ചിതറ പുതുശേരി സ്വദേശി ധർമദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാവിലെ ആറരയോടെയായിരുന്നു സംഭവം. ഭാര്യക്കെതിരെ ധർമദാസ് സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതി നൽകിയിരുന്നു.
വസ്തു വിറ്റ തുകയിൽ നിന്നും മൂന്നുലക്ഷം രൂപ ഭാര്യ എടുത്തു എന്നായിരുന്നു പരാതി. കേസിൽ ഇരുകൂട്ടരേയും പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമം പോലീസ് നടത്തുകയും ചെയ്തു.
തുക മക്കളുടെ പേരിൽ സ്ഥിര നിക്ഷേപമായി ബാങ്കിൽ അടച്ചു എന്ന് ഭാര്യ മൊഴിയും നൽകി.
എന്നാൽ ഭാര്യക്കെതിരെ മോഷണത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടു സ്റ്റേഷനിൽ നിന്നും പോയ ധർമദാസ് അടുത്ത ദിവസം രാവിലെ എത്തി പോലീസ് ജീപ്പുകളുടെ മുൻ വശത്തെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയായിരുന്നു.
ശബ്ദം കേട്ടു ഓടിയെത്തിയ പോലീസുകാർ ഇയാളെ ഉടൻ പിടികൂടി.
പൊതുമുതൽ നശിപ്പിക്കുക, പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടുക തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തു.