അംഗപരിമിതരുടെ കോ ച്ചുകളിൽ കർശന പരിശോ ധനയ്ക്ക് നിർദേശം
1425421
Monday, May 27, 2024 11:54 PM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: എക്സ്പ്രസ്-മെയിൽ ട്രെയിനുകളിൽ അംഗപരിമിതർക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിൽ ഉദ്യോഗസ്ഥർ കർശന പരിശോധനകൾ നടത്താൻ നിർദേശം. ഇത്തരം കോച്ചുകളിൽ മറ്റ് യാത്രക്കാർ കടന്നുകയറുന്നു എന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യത്തിൽ അടിയന്തിര പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇന്നലെ മുതൽ ജുൺ ആറു വരെ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് റെയിൽവേ ബോർഡ് ഡയറക്ടർ ഓഫ് പാസഞ്ചർ മാർക്കറ്റിംഗ് ( രണ്ട് ) സഞ്ജയ് മഹോച്ച നിർദേശം നൽകി. പിടികൂടുന്ന യാത്രക്കാരിൽ നിന്ന് റെയിൽവേ ആക്ട് 1989 പ്രകാരമുള്ള ശിക്ഷയും ഈടാക്കണം. പരിശോധനയുടെ വിശദാംശങ്ങൾ ജൂൺ 16-ന് മുമ്പ് റെയിൽവേ ബോർഡിന് കൈമാറണമെന്നും നിർദേശത്തിൽ പറയുന്നു.
ഇത് കൂടാതെ 2023 നവംബർ മുതൽ 2024 മേയ് വരെയുള്ള ആറു മാസത്തെ പരിശോധനാ വിവരങ്ങൾ ഓരോ മാസവും ഇനം തിരിച്ച് റിപ്പോർട്ടായി നൽകണമെന്നും നിർദേശത്തിലുണ്ട്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് റെയിൽവേ പോലീസിന്റേയോ റെയിൽവേ സംരക്ഷണ സേനയുടെയോ സഹായവും തേടാം.
ഭൂരിഭാഗം ട്രെയിനുകളിലും ഏറ്റവും പുറകിൽ ഗാർഡ് റൂമിന് തൊട്ടു മുമ്പാണ് അംഗപരിമിതർക്കുള്ള കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ലേഡീസ് കോച്ചുകളാണെന്ന് തെറ്റിദ്ധരിച്ചും അവകാശപ്പെട്ടും സ്ത്രീകൾ ആണ് കൂടുതലായി ഇത്തരം കോച്ചുകളിൽ കയറിക്കൂടുന്നത്. മാത്രമല്ല തിരക്ക് കൂടുമ്പോൾ ഇവർ വാതിലുകൾ എല്ലാം അകത്ത് നിന്ന് അടച്ച് പൂട്ടുകയും ചെയ്യും. ഇതുകാരണം മിക്ക സ്റ്റേഷനുകളിലും വണ്ടി കാത്ത് നിൽക്കുന്ന അംഗ പരിമിതർക്ക് അവരുടെ കോച്ചുകളിൽ കയറാൻ പറ്റാത്ത അവസ്ഥയുണ്ട്.
ചില സ്റ്റേഷനുകളിൽ വണ്ടികൾ എത്തുമ്പോൾ അംഗപരിമിതരുടെ കോച്ചുകളിൽ അനർഹർ കയറിയിട്ടുണ്ടോ എന്ന് ഗാർഡുമാർ നോക്കാറുണ്ട്. അനധികൃതമായി കയറിയവരെ കണ്ടെത്തിയാൽ അവരോട് മറ്റ് ജനറൽ കോച്ചുകളിലേയ്ക്ക് മാറിക്കയറാൻ പറഞ്ഞാലും ആരും ചെവിക്കൊള്ളാറില്ല. ഈ സാഹചര്യത്തിലാണ് പഴുതടച്ചുള്ള കർശന പരിശോധനയ്ക്ക് റെയിൽവേ മന്ത്രാലയം നിർബന്ധിതമായത്.