പരിഹാരമില്ല; വെള്ളക്കെട്ടില്‍ ദുരിതംപേറി നാട്ടുകാര്‍
1425175
Sunday, May 26, 2024 11:11 PM IST
മടത്തറ : നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ പാതയില്‍ ഉണ്ടായ വെള്ളക്കെട്ട് മൂലം നിരവധി കുടുംബങ്ങൾ ദുരിതാവസ്ഥയിലായി.
പെരിങ്ങമല പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കൊച്ചുകലിംഗ് ജംഗ്ഷനില്‍ നിന്നും താന്നിമൂട് കുന്നുംപുറം ഭാഗത്തേക്ക് പോകുന്ന പാതയുടെ അവസ്ഥയാണിത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചുകൊണ്ട് ആരംഭിച്ച പാതയുടെ നിര്‍മാണം പ്രധാന പാതയ്ക്ക് ഏതാനും മീറ്ററുകള്‍ ദൂരത്ത് വച്ച് നിലച്ചു.
ഏതാണ്ട് ആറുമാസമായി നിലച്ച പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ ഇപ്പോള്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
മഴ കനത്തതോടെ വെള്ളം കെട്ടികിടന്നുപ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. വെള്ളം സമീപത്തെ വീടുകളിലേക്ക് ഇരച്ചുകയറുകയാണ് ഇപ്പോള്‍. വെള്ളം വീടുകളിലേക്ക് കയറിയതോടെ ഒരാളുടെ വീടിന്റെ അടുക്കള തകര്‍ന്നു. കിണറുകളിലെ വെള്ളത്തിനും നിറം മാറ്റം സംഭവിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ വെള്ളക്കെട്ട് കൂടുതല്‍ വ്യാപിച്ചു.
ഇത് സമീപത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച മതില് ഉള്‍പ്പെടെ ഇടിയുന്നതിനു കാരണമായെന്ന് നാട്ടുകാര്‍ പറയുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ വാഹന, കാല്‍നട യാത്രയ്ക്കായി ഉപയോഗിക്കുന്ന പാതയുടെ ദുസ്ഥിതി അറിഞ്ഞിട്ടും വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിഞ്ഞു നോക്കാത്തതില്‍ വലിയ പ്രതിഷേധവും ഉയരുന്നുന്നുണ്ട്. പാതയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ബുദ്ധിമുട്ട് ഒഴിവാക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.