തടാക റോ ഡിൽ തള്ളിയ മാലിന്യം കായൽ കൂട്ടായ്മ പ്രവർത്തകർ നീക്കം ചെയ്യിപ്പിച്ചു
1425161
Sunday, May 26, 2024 9:59 PM IST
ശാസ്താംകോട്ട:ഓടയിൽ നിന്ന് കോരി എടുത്ത മണ്ണും മാലിന്യങ്ങളും ശാസ്താംകോട്ട തടാകത്തിലേക്ക് ഇറങ്ങുന്ന റോഡിന് സമീപം തള്ളി.പ്ലാസ്റ്റിക്കുകളും, കുപ്പി ച്ചില്ലുകളും, മഴയിൽ കുതിർന്ന മണ്ണും റോഡിൽ തള്ളിയിരുന്നു.
കഴിഞ്ഞദിവസവും റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് അറിഞ്ഞ് നമ്മുടെ കായൽ കൂട്ടായ്മ പ്രവർത്തകർ സ്ഥലത്തെത്തി. മാലിന്യങ്ങൾപെട്ടി ഓട്ടോയിൽ നിന്നും ഇറക്കിയ തൊഴിലാളികളോട് അന്വേഷിച്ചപ്പോഴാണ് മഴക്കാലപൂർവശുചീകരണത്തിന്റെ ഭാഗമായി ഓടകളിൽ നിന്നും എടുക്കുന്ന മാലിന്യങ്ങളാണ് അവിടെ നിക്ഷേപിച്ചതെന്ന് അറിഞ്ഞത്.
തുടർന്ന് പി ഡബ്ലു ഡി നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും റോഡിൽ തള്ളിയ മാലിന്യങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മഴ സമയത്ത് ഈ മാലിന്യങ്ങൾ ഒഴുകി നേരിട്ട് തടാകത്തിൽ പതിക്കും. തുടർന്ന് അവിടെ നിക്ഷേപിച്ച മണ്ണും മറ്റു മാലിന്യങ്ങളും കൊണ്ടുവന്ന് ഇട്ട വാഹനത്തിൽ തന്നെ തിരികെ കയറ്റി അയച്ചു.
നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്. ദിലീപ് കുമാർ, സന്തോഷ്, രതീഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ നീക്കം ചെയ്യിച്ചത്.