പരോ ളില്‍ ഇറങ്ങിയ ശേഷം മുങ്ങിയ പ്രതി പിടിയില്‍
1416756
Tuesday, April 16, 2024 10:38 PM IST
അഞ്ചല്‍: കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചു വരവേ പരോള്‍ നേടി പുറത്തിറങ്ങി മുങ്ങിയ പ്രതി പിടിയില്‍.
കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ പൊയ്കയില്‍ വീട്ടില്‍ സുല്‍ഫീക്കര്‍ (35) നെയാണ് കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
2008 ല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവിനെ കുത്തികൊന്ന കേസിലാണ് സുല്‍ഫീക്കറിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്.
2019 ലാണ് സുല്‍ഫി പരോളില്‍ ഇറങ്ങിയത്. പിന്നീട് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
കുറച്ചുനാള്‍ ഏര്‍വാടി പള്ളിയിലും പരിസരത്തുമായി കറങ്ങി നടന്ന സുല്‍ഫീക്കര്‍ അടുത്തിടെ കൊട്ടിയം മേഖലയില്‍ എത്തുകയായിരുന്നു. ഇവിടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ കുളത്തുപ്പുഴ സ്വദേശിയായ അനസ് എന്നയാളുമായി ചേര്‍ന്ന് നാട്ടുകാരില്‍ നിന്നും പണം പിരിച്ചു തട്ടിപ്പ് നടത്തിവരവേ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
സ്ഥലത്തെത്തിയ കൊട്ടിയം പോലീസ് വിവരം കുളത്തുപ്പുഴ പോലീസിനു കൈമാറിയതോടെയാണ് സുല്‍ഫീക്കര്‍ പിടികിട്ടാപുള്ളിയാണെന്ന് തിരിച്ചറിഞ്ഞത്.
ഉടന്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ എത്തിയ കുളത്തുപ്പുഴ പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും കുളത്തുപ്പുഴയില്‍ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പിടികൂടി കൊണ്ടുവരവേ മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പുറത്തിറങ്ങിയ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചു എങ്കിലും ഉടന്‍ തന്നെ പോലീസ് പിടികൂടുകയും ചെയ്തു.
കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. അനീഷ്, എഎസ്ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.