ചിന്താ ജെറോ മിനെ കാറിടിപ്പിച്ചെന്ന പരാതി; രണ്ടുപേര്ക്കെതിരേ വധശ്രമത്തിന് കേസ്
1416537
Monday, April 15, 2024 11:52 PM IST
കൊല്ലം: ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേല്പ്പിച്ചെന്ന പരാതിയില് രണ്ടു പേര്ക്കെതിരേ വധശ്രമത്തിന് കേസ്. യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് സെയ്ദലി, കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല് കുഞ്ഞുമോന് എന്നിവര്ക്കെതിരേയാണ് കൊല്ലം വെസ്റ്റ് പോലിസ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്, ഭീഷണിപ്പെടുത്തല് തുടങ്ങിയ കുറ്റങ്ങള് ചുമത്തിയാണ് കേസ്.
കഴിഞ്ഞ 13ന് വൈകുന്നേരം ആറിന് തിരുമുല്ലാവാരം ബീച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സ്വകാര്യ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില് പങ്കെടുത്ത ചിന്തയേയും മാതാവിനേയും യൂത്ത് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കൂട്ടമായെത്തി ചീത്തവിളിച്ചെന്നും ചര്ച്ചയ്ക്ക് ശേഷം തിരികെ പോകാന് നിന്ന ചിന്തയെ ചീത്തവിളിച്ചെത്തിയ ഫൈസല് ഭീഷണിപ്പെടുത്തിയെന്നും സെയ്ദലി കാര് പിറകോട്ടെടുത്ത്് ഇടിപ്പിച്ചെന്നും പോലിസ് പറയുന്നു.
അതേസമയം, ചിന്ത നല്കിയ കേസ് വ്യാജമെന്നാണ് കോണ്ഗ്രസ് പറയുന്നത്. ചര്ച്ചയ്ക്കിടെ സിപി.എം കോണ്ഗ്രസ് പ്രവര്ത്തകര് തമ്മിലുണ്ടായ വാക്കേറ്റം സംഘര്ഷത്തിന്റെ വക്കില് എത്തിയിരുന്നു. ചാനല് ചര്ച്ച കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് സംസാരിച്ച് വരുമ്പോള് കാര് പിന്നോട്ടെടുത്തപ്പോള് അബദ്ധത്തില് ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്ന് ആരോപണവിധേയരായ യുവാക്കള് പറഞ്ഞു. കാര് അറിയാതെ തട്ടിയതാണെന്നു ചിന്ത തന്നെ പറഞ്ഞിരുന്നെന്നും അപകടം ബോധപൂര്വം അല്ലെന്നും സ്ഥലത്തുണ്ടായിരുന്ന കാറുടമയും വിശദീകരിക്കുന്നു.