കേരളത്തിലെ എംപി മാർക്ക് വികസനം ഫ്ലക്സിൽ മാത്രം: കെ.സുരേന്ദ്രൻ
1416534
Monday, April 15, 2024 11:52 PM IST
കല്ലുവാതുക്കൽ : മോദി കൊണ്ട് വന്ന വികസന പ്രവർത്തനങ്ങൾ സ്വന്തം പേരിലാക്കി ഫ്ലക്സ് അടിക്കുന്ന എംപി മാരാണ് കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ചാത്തന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം ബൈപാസ്, റെയിൽവേ വികസനം ഇവകൊണ്ടുവന്നത് മോദിയാണ്. ഫ്ലക്സ് അടിക്കുന്നത് പ്രേമചന്ദ്രൻ. ഇത് കൊല്ലത്തെ മാത്രമല്ല കേരളത്തിലെ എല്ലാ എംപിമാരും ഈ പാതയാണ് പിന്തുടരുന്നത്. കൊല്ലത്ത് പ്രേമചന്ദ്രൻ ഫ്ലക്സ് എംപി എന്നാണ് അറിയപ്പെടുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കേരളത്തിലെ മുന്നേറ്റം ഇരു മുന്നണികളെയും വിളറിപിടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എൻഡിഎ ക്കെതിരേ വ്യാജ പ്രചാരണങ്ങൾ നടന്നുകൊണ്ടി രിക്കുന്നു. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്ര ശേഖരനെതിരേ നടത്തിയ വ്യാജ പ്രചാരണത്തിന് ഇന്ത്യ മുന്നണി സ്ഥാനർഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യ ശാസന നൽകിയിരിക്കുന്നു.
കേരളത്തിലാദ്യമായാണ് ഒരു സ്ഥാനാർഥിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശാസിക്കുന്നത്. നേതാവിനെ ചൂണ്ടി കാണിക്കാൻ ഇല്ലാത്ത ഇടതും കോൺഗ്രസും ആരെ പ്രധാന മന്ത്രിയാക്കാനാണ് മൽസരിക്കുന്നതെന്ന് അവർക്ക് പോലും അറിയില്ല. എന്നാൽ എൻ ഡി എ മൽസരിക്കുന്നത് നരേന്ദ്ര മോദി എന്ന നേതാവിനെ മുൻനിർത്തിയാണ്. കേരളത്തിൽ വിജയിക്കുന്ന സീറ്റുകളിൽ ഒന്നാണ് കൊല്ലം എന്നും കൃഷ്ണകുമാർ കേന്ദ്ര മന്ത്രിയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ, ദക്ഷിണ മേഖ പ്രസിഡന്റ് കെ. സോമൻ, ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ, ജില്ലാ ജനറൽ സെകട്ടറി എസ്. പ്രശാന്ത്, മീഡിയ കൺവീനർ പ്രതിലാൽ എന്നിവർ പങ്കെടുത്തു.