മാവേലിക്കര മണ്ഡലത്തിൽ തെരഞ്ഞെടുപ്പു ചുമതല പൂർണമായി സിപിഎം ഏറ്റെടുത്തു
1416533
Monday, April 15, 2024 11:52 PM IST
കൊട്ടാരക്കര: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി പി ഐ യിലെ അരുൺകുമാറിന്റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ പൂർണ ചുമതല സിപിഎം നിയന്ത്രണത്തിൽ. സ്ഥാനാർഥിയുടെ പാർട്ടിയായ സിപിഐ ക്ക് ബലഹീനതയുണ്ടെന്ന മുൻ തെരഞ്ഞെടുപ്പുകളുടെ അനുഭവ പശ്ചാത്തലത്തിലും ചില കൂട്ടിക്കൊടുക്കലുകൾ സിപിഐ നേതാക്കളിൽ ചിലർ നടത്തിയിരുന്നതായും സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബ്രാഞ്ച്, ബൂത്ത് തലത്തിലും ഉപരിഘടകങ്ങളിലുമുള്ള സി പി എം പ്രവർത്തകരെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ സിപിഐ പ്രവർത്തകർ ഒപ്പമുണ്ടായാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാനും സിപിഎം ചിട്ടകൾ പാലിക്കാനുമാണ് നിർദേശം. പാർലമെന്റിൽ പരമാവധി എൽ ഡി എഫ് അംഗങ്ങളെ എത്തിക്കാനും കൊടിക്കുന്നിലിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാനുമാണ് സിപിഎം നീക്കം. ഇതിന് സി പി ഐ സംഘടനാ സംവിധാനം അപരാപ്ത്യമാണെന്നും സി പിഎം വിലയിരുത്തുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം എൽഡിഎഫ് കോട്ടയായിരുന്ന മുൻ അടൂർ മണ്ഡലമാണ് പിന്നീട് മാവേലിക്കരയായത്. ഇവിടെ സ്ഥിരമായി എൽഡിഎഫ് ലെ സി പി ഐ സ്ഥാനാർഥിയാണ് ജയിച്ചു വന്നിരുന്നത്. കൊടിക്കുന്നിലിന്റെ വരവോടെ അതു നഷ്ടമായി. ചെങ്ങറ സുരേന്ദ്രൻ രണ്ടു തവണ കൊടിക്കുന്നിൽ സുരേഷിനെ തോൽപിച്ചിരുന്നു. ആദ്യ വിജയത്തിൻ പാർലമെന്റിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത തിനെ തുടർന്ന് മറ്റ് എം പി മാർക്കൊപ്പം ചെങ്ങറക്കും സ്ഥാനനഷ്ടമുണ്ടയി. ചെങ്ങറ രണ്ടാമത് ജയിച്ചപ്പോൾ പാർലമെന്റ് നാലാം വർഷം പിരിച്ചുവിട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ കാലാവധി പൂർത്തിയാക്കാനും കഴിഞ്ഞില്ല.
കിട്ടിയ സമയത്ത് ചെങ്ങറക്ക് മണ്ഡലവികസനത്തിൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നുമാണ് ഇപ്പോൾ സി പി എം വിലയിരുത്തൽ. തുടർച്ചയായ കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിന് ഇതും കാരണമാണെന്നാണ് സി പി എം കരുതുന്നത്. ജനപ്രതിനിധിയെ നിയന്ത്രിക്കുന്നതിൽ സി പി ഐ ക്ക് വീഴ്ച പറ്റിയതായാണ് സിപിഎം പറയുന്നത്.
കൊടിക്കുന്നിൽ സുരേഷിന്റെ തുടർച്ചയായ വിജയത്തിന് ഇക്കുറി തടയിടമെന്നാണ് സിപിഎം തീരുമാനും. ഇത് സംബന്ധിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിട്ടിണ്ട്. ജില്ലാ - ഏരിയാ - ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ചു തലത്തലും തെരെഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ മാർഗരേഖ ചർച്ച ചെയ്യപ്പെട്ടു. കൂടാതെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഐ ലെ ഒരു വിഭാഗം എതിർ സ്ഥാനാർഥിയെ സഹായിച്ചതായും സിപിഎം വിലയിരുത്തിയിട്ടുണ്ട്.
അത്തരം ആളുകളെ കുറിച്ച് ജനസംസാരമുണ്ടെങ്കിലും ഇവരെല്ലാം ഇപ്പോൾ സിപിഎം നിരീക്ഷണത്തിലുമാണ്. സിപിഎം തീരുമാനം വന്നതോടെ സടകുടഞ്ഞാണ് പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുള്ളത്. നടന്നു വരുന്ന കുടുംബയോഗങ്ങളെല്ലാം സംഘടിപ്പിക്കുന്നത് സി പി എം പ്രവർത്തകരാണ്. പ്രാദേശിക തലത്തിൽ തെരെഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നിലവിൽ സിപിഐ ക്ക് റോളില്ല. എല്ലാം സി പി എം നിയന്ത്രണത്തിൽ. പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്കാണ് ചുമതല.