അഞ്ചലിൽ കോ ണ്‍ഗ്രസ് മണ്ഡലം ഭാരവാഹികൾക്കെതിരെ കേസ്
1396491
Thursday, February 29, 2024 11:26 PM IST
അഞ്ചല്‍ : നിയമനാസൃതം മണ്ണ് ഇടുന്ന സ്ഥലത്ത് എത്തി പാര്‍ട്ടി പിരിവിനായ് വന്‍തുക ആവശ്യപ്പെട്ടത് നല്കാന് തയാറാകാതിരുന്ന കരാറുകാരന്റെ ടിപ്പര്‍ ലോറി അടിച്ചു തകര്‍ക്കുകയും സ്ഥലത്തുണ്ടായിരുന്നു കരാറുകാരന്റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തുവെന്നു പരാതി.
കൊല്ലം റൂറല്‍ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഏറം സന്തോഷ്, മുന്‍ മണ്ഡലം പ്രസിഡന്റ് സേതു നാഥ്, ചീപ്പ് വയല്‍ സ്വദേശികളായ ഷിബിന്‍, സുരേഷ് കണ്ടാലറിയാവുന്ന മറ്റു അഞ്ചോളം ആളുകള്‍ക്കെതിരെയും അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കാന്‍ റൂറല്‍ പോലീസ് മേധാവി പുനലൂര്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസമാണ് സംഭവം. അഞ്ചല്‍ ബൈപാസില്‍ ചീപ്പ് വയല്‍ ഭാഗത്ത് നിയമപ്രകാരം ഭൂമി മണ്ണിട്ട് ഉയര്‍ത്തി എടുക്കുന്നതിനുള്ള നടപടികള്‍ നടക്കുന്ന സ്ഥലത്ത് എത്തിയാണ് പാര്‍ട്ടി ജാഥക്കായി വന്‍തുക പിരിവു നല്‍കിയില്ലന്നു ആരോപിച്ചുകൊണ്ട് നേതാക്കള്‍ അതിക്രമം കാട്ടിയത്.
ഈ സമയം ഇവിടെയുണ്ടായിരുന്ന കരാറുകാരന്റെ ഭാര്യ ശ്രീക്കുട്ടിയോടു അപമര്യാദയായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
ഇതുകൂടാതെ ഇവിടെ നിന്നും പോയ ടിപ്പര്‍ ലോറി പിന്തുടര്ന്ന് എത്തുകയും ലോറിയുടെ മുന്‍ ഭാഗത്തെ ചില്ല് ഉള്‍പ്പടെ അടിച്ചു തകര്‍ക്കുകയും ചെയ്തതായി ഇവര്‍ പറയുന്നു.
സംഭവം അറിഞ്ഞെത്തിയ അഞ്ചല്‍ പോലീസ് പരാതിക്കാരായ തങ്ങളുടെ വാദം കേള്‍ക്കാതെ തന്റെ സ്കൂട്ടര്‍ കസ്റ്റഡിയില്‍ എടുത്തതായും പരാതിക്കാരിയായ ശ്രീക്കുട്ടി പറയുന്നു.
എന്നാല്‍ തങ്ങള്‍ അതിക്രമം കാട്ടിയിട്ടില്ലെന്നും മണ്ണിട്ട് നികത്തുന്ന സ്ഥലത്ത് വെള്ളം ഒഴുകി പോകും വിധത്തില്‍ പൈപ്പ് ഇടാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പരാതിക്ക് പിന്നില്‍ മറ്റുചില ഉദ്ദേശങ്ങള്‍ ആണെന്നും ഏറം സന്തോഷ് അറിയിച്ചു.
ഇതേസമയം തന്നെ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ള പ്രാദേശിക നേതാക്കളെ തള്ളി ഡിസിസി ജനറല്‍സെക്രട്ടറി അടക്കമുള്ളവര്‍ രംഗത്തെത്തി. പിരിവ് ആവശ്യപ്പെടുകയും അതിക്രമം കാണിക്കുകയും ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരുവിധ പങ്കുമില്ലെന്നും ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും ഡിസിസി ജനറല്‍സെക്രട്ടറി ഏരൂര്‍ സുഭാഷ് അറിയിച്ചു.