ഓയില്‍പാം കുളത്തുപ്പുഴ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം
1396253
Thursday, February 29, 2024 2:27 AM IST
അഞ്ചല്‍ : ഓയില്‍പാം കുളത്തുപ്പുഴ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം. കണ്ടന്‍ചിറ എസ്റ്റേറ്റില്‍ കഴിഞ്ഞദിവസം രാത്രിയോടെയുണ്ടായ തീപിടിത്തം ഇന്നലെ വൈകുന്നേരവും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
അഞ്ച് ഹെക്ടറില്‍ അധികം സ്ഥലത്ത് തീ പിടിച്ചുകഴിഞ്ഞു. കൂടുതലും കത്തി നശിച്ചത് അടുത്തിടെ പ്ലാന്റ് ചെയ്ത തൈകളാണ്. ആയിരത്തിലധികം തൈകള്‍ ഇതിനോടകം അഗ്നിക്കിരയായിട്ടുണ്ടെന്നു തൊഴിലാളികള്‍ പറയുന്നു.
കടയ്ക്കല്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. ഒായില്പാമിനോട് ചേര്‍ന്ന വനമേഖലയിലും വലിയ രീതിയില്‍ തീ പടര്‍ന്നിട്ടുണ്ട്. ചൂടും ശക്തമായ കാറ്റും തീ അണയ്ക്കുന്നതിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്.

മിക്കയിടങ്ങളിലും ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ എത്താന്‍ സാധിക്കാത്തതും തീപടര്‍ന്നു പിടിക്കാനുള്ള കാരണമായി. അടിക്കാടുകളില്‍ പടരുന്ന തീ അതിവേഗം മറ്റുള്ള ഇടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. അതേസമയം തീ പിടിത്തം ആസൂത്രിതമെന്ന് സംശയിക്കുന്നതായി ഓയില്‍പാം മാനേജ്മെന്റ് പറയുന്നു.
ഒരു ഭാഗത്ത് തൊഴിലാളികളും ഫയര്‍ഫോഴും തീ അണയ്ക്കാന്‍ തീവ്രശ്രമം നടത്തുമ്പോള്‍ മറ്റുപലയിടങ്ങളില്‍ ഒരുപോലെ വീണ്ടും തീ പിടിക്കുന്നതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. വനമേഖലയില്‍ തീ പടര്‍ന്നതിനാല്‍ ഇവിടങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ പരിശോധിച്ച് ഇക്കര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഓയില്‍പാം അധികൃതര്‍ അറിയിച്ചു.
അതേസമയം അടിക്കാടുകള്‍ വെട്ടി നീക്കുന്നതില്‍ അധികം വലിയ വീഴ്ച ഓയില്‍പാം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും ഇതാണ് തീ കൂടുതലായി പടരാന്‍ ഇടയാക്കിയതെന്നും തൊഴിലാളികള്‍ ആരോപിച്ചു.
തീ പിടിച്ചത് ആസൂത്രിതമെന്ന് ഐഎൻടിയൂസി
അഞ്ചൽ കുളത്തൂപ്പുഴ ഓയിൽപാം കണ്ടൻഞ്ചിറ എസ്റ്റേറ്റിൽ തീ പിടിച്ച് എണ്ണപ്പന തൈകൾ കത്തി നശിച്ചതിൽ ആസൂത്രിത നീക്കം സംശയിക്കുന്നതായി ഐഎൻടിയൂസി യൂണിയൻ ആരോപിച്ചു.
ഏകദേശം അഞ്ച് ഹെക്ടർ സ്ഥലത്തുള്ള എണ്ണപ്പന തൈകളാണ് തീ പടർന്ന് കത്തി നശിച്ചത്. കണ്ടൻഞ്ചിറ എസ്റ്റേറ്റിൽ രാജൻ കുന്ന് എന്ന സ്ഥലത്താണ് തീ പിടിച്ചത്. കടയ്ക്കല്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് എസ്റ്റേറ്റിലെ തീ അണച്ചത്.
വനത്തിലേക്ക് തീ പടർന്നത് ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. എണ്ണപ്പന എസ്റ്റേറ്റിൽ തീ പിടിച്ചത് അറിഞ്ഞെത്തിയ തൊഴിലാളികളും ഉദ്യോഗസ്ഥരും രാത്രിയിൽ തീ അണച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ എസ്റ്റേറ്റിന്റെ പല ഭാഗത്തും തീ പിടിയ്ക്കുന്നത് കണ്ടിരുന്നു.
ആരോ നടന്ന് തീ ഇടുന്നത് പോലെയാണ് കണ്ടത്. ശനിയാഴ്ച എസ്റ്റേറ്റിലെ തൊഴിലാളിയോട് ഒരു സ്റ്റാഫ് അപമാര്യാദയായി പെരുമാറിയത് സംബന്ധിച്ച് കുളത്തുപ്പുഴ പോലീസിൽ പരാതി നൽകുകയും തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ എസ്റ്റേറ്റിൽ ജോലിക്കിറങ്ങാതെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം തൊട്ടടുത്ത ദിവസം പല സ്ഥലങ്ങളിലായി തീ പിടിച്ചത് സംശയകരമാണെന്നും അന്വേഷണം നടത്തണമെന്ന് ഓയിൽ പാം ഐഎൻടിയൂസി യൂണിയൻ ജനറൽ സെക്രട്ടറി പി.ബി വേണുഗോപാൽ ആവശ്യപ്പെട്ടു.