വെടിക്കുന്നു പ്രദേശത്തെ കടൽക്ഷോഭം; പ്രതിഷേധവുമായി കെഎൽസിഎ
1396252
Thursday, February 29, 2024 2:27 AM IST
കൊല്ലം: മുണ്ടയ്ക്കൽ വെടിക്കുന്നു പ്രദേശത്തെ കടൽക്ഷോഭത്തിൽ തീരദേശ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രതിഷേധവുമായി കെഎൽസിഎ കൊല്ലം രൂപത.
മുണ്ടയ്ക്കൽ വെടിക്കുന്ന് പ്രദേശത്തു കടൽക്ഷോഭം മൂലം ഈ പ്രദേശത്തെ 800 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തീരശോഷണവും കുടിവെള്ളക്ഷാമവും അടിസ്ഥാനസൗകര്യങ്ങളും ഭീഷണിയായി തീരുകയാണ്.
തീരദേശ വാസികളുടെ വീടുകളും കുരിശടിയും ജീവൻ പോലും അപകട ഭീഷണിയിലാണ്. കഴിഞ്ഞ കുറച്ചു ദിവസമായി ഈ പ്രദേശങ്ങളിൽ കുടിവെള്ളം പോലും ഇല്ലാതെ ജനങ്ങൾ വലയുന്നു.
നാളിതുവരെ അധികാരികളിൽനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സമാധാനപരമായ പല നീക്കങ്ങളും നടത്തിയിട്ടും ഒരു ഫലവും കാണാത്ത സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്താൻ തീരദേശത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ യോഗം കൂടുകയും തീരദേശ ജാഗ്രതാ സമിതിക്ക് രൂപം കൊടുക്കുകയും ചെയ്തു. സ്ഥലം സന്ദർശിച്ച കെഎൽസിഎ രൂപതാ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് തീരദേശവാസികൾ പോകുമെന്നും. ജനപ്രതിനിധികളും ഭരണകൂടവും ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്നും പറഞ്ഞു.
തോപ്പ് ഇടവക വികാരി ഫാ. വർഗീസ്, കെഎൽസിഎ ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, ട്രഷറർ ലെക്റ്റീഷ്യ, സെബാസ്റ്റ്യൻ, ബാബു ദേവസി, ശോഭ, വത്സല എന്നിവർ പ്രസംഗിച്ചു. തീരദേശ ജാഗ്രതാ സമിതി കൺവീനറായി നെൽസനെ യോഗം തെരഞ്ഞെടുത്തു.