ബസിൽ വീട്ടമ്മയുടെ ഒരു ലക്ഷം രൂപ കവർന്നു
1394580
Wednesday, February 21, 2024 11:46 PM IST
കൊട്ടാരക്കര: കെഎസ്ആർടിസി ഓർഡിനറി ബസിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ഒരു ലക്ഷം രൂപ കവർന്നു. നാടോടി സ്ത്രീകളാണെന്ന് സംശയം.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. എഴുകോൺ ഈലിയേട് സ്വദേശിനിയായ വീട്ടമ്മയുടെ പണമാണ് നഷ്ടമായത്.
കൊട്ടാരക്കരയിലെ ബാങ്കിൽ പണയം വെച്ച് ലഭിച്ച രണ്ടു ലക്ഷം രൂപയാണ് ഇവരുടെ ബാഗിലുണ്ടായിരുന്നത്. കൊട്ടാരക്കരയിൽ നിന്നും എഴുകോൺ വഴി പോകുന്ന ബസിലാണ് ഇവർ കയറിയത്. ഒപ്പം മാനസിക വൈകല്യമുള്ള മകനുമുണ്ടായിരുന്നു.
നെടുവത്തൂർ കിള്ളൂളൂരെത്തിയപ്പോൾ ഇരിക്കാൻ സീറ്റു ലഭിച്ചു. അപ്പോഴാണ് ബാഗ് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. പരിശോധിച്ചപ്പോൾ നാലുകെട്ടുകളായി ലഭിച്ച രണ്ടു ലക്ഷം രൂപയിൽ രണ്ടു കെട്ടുകൾ നഷ്ടപ്പെട്ടതായി മനസിലായത്.
ബസിലുണ്ടായിരുന്ന രണ്ടു നാടോടി സ്ത്രീകൾ തൊട്ടു മുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങിയതായി മറ്റു യാത്രക്കാർ പറയുന്നു. വീട്ടമ്മയുടെ നിലവിളി കേട്ട് ബസ് നിർത്തുകയും കണ്ടക്ടർ നാടോടി സ്ത്രീകൾ ഇറങ്ങിയ സ്റ്റോപ്പു വരെ അന്വേഷിച്ചു പോവുകയും ചെയ്തെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
മദ്യപിച്ചെത്തിയ ഒരാൾ ബസിൽ ഒച്ചപ്പാടുണ്ടാക്കുകയും എല്ലാവരുടെയും ശ്രദ്ധ അയാളിലേക്ക് തിരിയുകയും ചെയ്തപ്പോഴാണ് മോഷണം നടന്നതെന്നാണ് വീട്ടമ്മയുടെ നിഗമനം. ഇയാൾ കസ്റ്റഡിയിലാണ്. കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചു.