ഗതാഗത കുരുക്കില്‍ വാഹനത്തിനു സൈഡ് നല്‍കിയില്ല; യുവാവിനെ ക്രൂരമായി ആക്രമിച്ച സഹോ ദരങ്ങള്‍ അറസ്റ്റില്‍
1394351
Tuesday, February 20, 2024 11:50 PM IST
അഞ്ചല്‍ : ഗതാഗത കുരുക്കില്‍ വാഹനത്തിനു സൈഡ് നല്‍കിയില്ലെന്നു ആരോപിച്ചു യുവാവിനെ ക്രൂരമായി ആക്രമിച്ച കേസില്‍ സഹോദരങ്ങളായ യുവാക്കള്‍ പിടിയില്‍. അഞ്ചൽ ആലഞ്ചേരി സ്വദേശികളായ വിജിൽ, വിപിൻ എന്നിവരാണ് പിടിയിലായത്.
അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി അരുണിനെയാണ് സംഘം മര്‍ദിച്ചത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു രാത്രി ഒന്നോടെ കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന അരുണിനെ വിജിലും വിപിനും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഇടിക്കട്ട കൊണ്ടുള്ള ആക്രമണത്തില്‍ അരുണിന്റെ വാരിയെല്ലിനു പൊട്ടല്‍ ഏറ്റിട്ടുണ്ട്.
മുഖത്തും സാരമായി പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് അരുണിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ഏരൂര്‍ പോലീസ് ഉടന്‍ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ വിജിലും വിപിനും നിരവധി കേസുകളില്‍ പ്രതികളാണ് എന്ന് ഏരൂര്‍ പോലീസ് അറിയിച്ചു.