കരുനാഗപ്പള്ളി ഫയർസ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു
1394345
Tuesday, February 20, 2024 11:50 PM IST
കരുനാഗപ്പള്ളി: അഗ്നിരക്ഷാ സേനയ്ക്കായി നിർമിച്ച പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്തു. ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഫയർസ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി .ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. എ.എം ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി സദാശിവൻ, ശ്രീദേവി, ബിന്ദു രാമചന്ദ്രൻ, നഗരസഭ വൈസ് ചെയർപേഴ്സൺ എ. സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ. പി. മീന, റെജി ഫോട്ടോപാർക്ക്, ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥ്, കേരള ഫയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ഹരികുമാർ, ഐ. ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു. കെട്ടിട നിർമാണം പൂർത്തിയാക്കിയ കരാറുകാരൻ പാലക്കോട്ട് സുരേഷിനെ ചടങ്ങിൽ ആദരിച്ചു. പോലീസ് സ്റ്റേഷനു തെക്കുഭാഗത്തായി സർക്കാർ അനുവദിച്ചു നൽകിയ സ്ഥലത്താണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
പുതിയ ഫയർസ്റ്റേഷൻ കെട്ടിടത്തിൽ സ്റ്റേഷൻ ഓഫീസ് റൂം, മെക്കാനിക്കൽ റൂം, സ്റ്റോർ റൂം, റസ്റ്റ് റൂം, സ്മാർട് ക്ലാസ് റൂം, ലൈബ്രറി ആന്റ് റീഡിംഗ് റൂം, ഭൂഗർഭ ടാങ്ക്, ഓവർ ഹെഡ് ടാങ്ക്, കുഴൽ കിണർ, ഗാരേജ് എന്നീ സൗകര്യങ്ങളാണ് ഉള്ളത്. വനിതാ ജീവനക്കാർക്കായി പ്രത്യേക റസ്റ്റ് റൂമും പുതുതായി ക്രമീകരിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനു സമീപത്ത് 2019 ജനുവരി 19ന് ആഭ്യന്തര വകുപ്പ് വിട്ടുനൽകിയ 20 സെന്റ് സ്ഥലത്താണ് കെട്ടിട സമുച്ചയം പൂർത്തിയായത്.
2018-19 വാർഷിക പദ്ധതിയിൽ സ്ഥലവും കെട്ടിട നിർമാണത്തിനുമായി 3,70,40000 രൂപ അനുവദിച്ചത്. പൊതുരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണം.