കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
1394115
Tuesday, February 20, 2024 5:07 AM IST
കൊട്ടാരക്കര: കേരളത്തിലെ ആദ്യ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 2050 ഓടെ ഭൂരിഭാഗം തൊഴിലവസരങ്ങളും സാങ്കേതിക മേഖലയിൽ നിന്ന് ഉയർന്നുവരുമെന്നും ഇതിന് അനുസൃതമായി സാങ്കേതിക വിദ്യാഭ്യാസ തൊഴിൽ പരിശീലന മേഖലകൾ നവീകരിക്കപ്പെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റേയും ആർ ആൻഡ് ഡി സെന്ററിന്റേയും ഉദ്ഘാടനം കൊട്ടാരക്കര ഐ എച്ച് അർ ഡി എൻജിനീയറിങ് കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയുടെ ഭാഗമായി മറ്റു കാമ്പസുകളിൽ സ്ഥാപിക്കുന്ന പാർക്കുകൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്റ്റാർട്ടപ് മിഷനും (കെഎസ്എം) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റും (ഐഎച്ച്ആർഡി) പ്രമുഖ സാസ് ദാതാക്കളായ സോഹോ കോർപ്പറേഷനും ചേർന്നാണ് ഇൻഡസ്ട്രിയൽ പാർക്ക് ആരംഭിക്കുന്നത്. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അത്യാധുനിക സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുകയും തൊഴിലവസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പദ്ധതി. 3,500 ചതുരശ്ര അടി സ്ഥലത്തിൽ സ്ഥാപിച്ച പാർക്ക് അഞ്ച് വർഷത്തിനുള്ളിൽ 5,000 യുവതീയുവാക്കൾക്ക് വ്യവസായ സംരംഭകത്വ മേഖലയിൽ പരിശീലനം നൽകും.
സാങ്കേതിക മേഖലയെ നവീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി യുവാക്കളുടെ പുരോഗതിക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാൻ എൻജിനീയറിങ് കോളജുകളോട് അഭ്യർഥിച്ചു. എൻജിനീയറിങ് കോളജുകളിലെ ഇൻകുബേഷൻ സെന്ററുകളും കണക്റ്റ് കരിയർ ടു കാമ്പസ് പോലുള്ള സംരംഭങ്ങളും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും നൂതന തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കാൻ സജ്ജരാക്കുന്നതിനും വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കളെ നൂതന സാങ്കേതികവിദ്യയിൽ പരിശീലിപ്പിക്കുന്നതിനായി പാർക്കിൽ ഗവേഷണ-വികസന സൗകര്യം ഏർപ്പെടുത്തിയതിന് സോഹോ കോർപ്പറേഷനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. എല്ലാ ജില്ലകളിലും ഇത്തരം സൗകര്യം സ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാമ്പസ് വ്യവസായ പാർക്കും ഗവേഷണ വികസന കേന്ദ്രവും കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്ന് അധ്യക്ഷനായിരുന്ന മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ നഗരസഭ ചെയർമാൻ എസ്.ആർ രമേഷ്, ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ അരുൺ കുമാർ, സഹസ്ഥാപകൻ ടോണി ജി തോമസ്, ശ്രീധർ വെമ്പു എന്നിവരും പ്രസംഗിച്ചു.
തുടക്കത്തിൽ ഏകദേശം 30 വിദ്യാർഥികളെ തൊഴിൽ പരിശീലനത്തിനായി സ്റ്റൈപ്പന്റോടെ തിരഞ്ഞെടുക്കും. ഇതിനായി https://zurl.to/5Y എന്ന ലിങ്കിൽ അപേക്ഷിക്കാവുന്നതാണ്.