വിജയശതമാനം പെരിപ്പിച്ചു കാണിച്ച് വിദ്യാഭ്യാസത്തെ തകർത്തു : കെപിഎസ്ടിഎ
1376900
Saturday, December 9, 2023 12:39 AM IST
കൊല്ലം:വിജയശതമാനം പെരിപ്പിച്ച് കാണിക്കാൻ ഗുണനിലവാരം ഇല്ലാതാക്കിയത് പൊതു വിദ്യാഭ്യാസത്തിന്റെ തകർച്ചക്ക് കാരണമായെന്ന് കെ പി എസ് ടി എ കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പൊതു പരീക്ഷകളിലെ വിജയശതമാനം നിരന്തരമായി ഉയർത്തി ഗുണനിലവാരം ഉയർത്തി എന്ന് പ്രഖ്യാപിക്കുന്നവർ യാഥാർഥ്യം തിരിച്ചറിയണം. ദേശീയ സർവേകളിലും പരീക്ഷകളിലും കേരളത്തിലെ വിദ്യാർഥികൾ പിന്നാക്കം പോകുന്നു.96 ലെയും 2007 ലെയും പാഠ്യപദ്ധതി പരിഷ്കരണങ്ങളാണ് കേരളത്തിലെ പാഠപുസ്തകങ്ങളിൽ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും നേരത്തെയുള്ള പ്രസക്തി നഷ്ടപ്പെടുത്തിയത്. ഡി പി ഇ പി യും, മതമില്ലാത്ത ജീവനും പോലെയുള്ള പാഠപുസ്തകങ്ങൾ പഠിപ്പിക്കാൻ എത്തുകയും പരീക്ഷയുടെ പ്രസക്തി ഇല്ലാതാക്കുകയും ചെയ്തപ്പോൾ പൊതു വിദ്യാഭ്യാസ മേഖലയിൽനിന്ന് ഒരുപാട് കുട്ടികൾ കൊഴിഞ്ഞു പോയി.
പരീക്ഷകളിലെ വിജയശതമാനം വർധിപ്പിക്കാൻ ഉദാര സമീപനം സ്വീകരിക്കുന്നത് ഗുണനിലവാരം തകർക്കുന്നു എന്ന പ്രസ്താവന ഗൗരവകരമായ പഠനത്തിന് വിധേയമാക്കണം. മൂല്യനിർണയം കൂടുതൽ കാര്യക്ഷമമാക്കാനും ഗുണമേന്മ വർധിപ്പിക്കാനുമുള്ള ഇടപെടലുകൾ നടത്തുന്നതിന് പകരം വകുപ്പും വകുപ്പ് തലവനും വിഭിന്ന അഭിപ്രായങ്ങൾ പറയുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ ബാധിക്കും.
ആലോചനയില്ലാതെ ഏകപക്ഷീയമായ നടപടിയെടുക്കുന്ന വികല നയങ്ങളാണ് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതെന്നും കെ പി എസ് ടി എ ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.
പരീക്ഷാ രീതിയിൽ ഗ്രേഡിങ് സമ്പ്രദായത്തോടൊപ്പം സ്കോർ കൂടി നൽകുവാനുള്ള നിർദ്ദേശം പരിഗണിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി .ജയചന്ദ്രൻ പിള്ള, വൈ. നാസറുദീൻ എ.ഹാരിസ് സി .സാജൻ, പി .എസ് .മനോജ്, പി. മണികണ്ഠൻ, ജില്ലാ സെക്രട്ടറി എസ്.ശ്രീ ഹരി ട്രഷറർ ബിനോയ് ആർ.കൽ പകം, വിനോദ് പിച്ചി നാട് ,ഷാജൻ സഖറിയ ,സുനിൽ കുമാർ ,ബി .റോയി ,ജയ കൃഷ്ണൻ ,അൻവർ ഇസ്മായിൽ ,വരുൺലാൽ ,ബിജുമോൻ സി.പി ,പ്രിൻസി റീനാ തോമാസ് ,എന്നിവർ പ്രസംഗിച്ചു