ബില്‍ അടച്ചില്ല ; സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
1376899
Saturday, December 9, 2023 12:39 AM IST
അഞ്ചൽ : വൈദ്യുതി ബിൽ കുടിശിക ആയതിനെ തുടര്‍ന്ന് അഞ്ചലിലെ മൂന്ന് സർക്കാർ ഓഫീസുകളുടെ വൈദ്യുതി ബന്ധം കെ.എസ്ഇബി അധികൃതർ വിഛേദിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷീര വികസന ഓഫീസ്, കൃഷി അസി: ഡയറക്ടർ ഓഫീസ്, സാമൂഹ്യനീതി വകുപ്പ് ഓഫീസ് എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിഛേദിക്കപ്പെട്ടത്. ജില്ലാ ഓഫീസുകളിൽ നിന്നും വൈദ്യുതി ചാർജ് അടയ്ക്കുന്നതിനുള്ള ഫണ്ട് അലോട്മെന്റ് ് ലഭിക്കാൻ കാലതാമസം വന്നതോടെയാണ് വൈദ്യുതി ബിൽ അടയ്ക്കുന്നതിന് കാലതാമസം വന്നതെന്നാണ് അധികൃതരുടെ വിശദീകരണം. മണിക്കൂറുകൾക്ക് ശേഷം ഉച്ചയോടെ ബില്‍ അടച്ചതിന് ശേഷം വൈദ്യുതി ബന്ധം കെഎസ്ഇബി പുന:സ്ഥാപിച്ചു നല്കി.
മുൻ കാലങ്ങളിലും ഇത്തരത്തിൽ ഫണ്ട് ലഭിക്കാൻ കാലതാമസം വരുമ്പോൾ ഓഫീസ് ജീവനക്കാർ സ്വന്തം നിലയിൽ വൈദ്യുതി ബില്ലടയ്ക്കാറാണ് പതിവ്. എന്നാൽ ഇത്തവണ അതുണ്ടാകാത്തതിനാലാണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെടാൻ കാരണമായത്. അതേസമയം തന്നെ കേവലം കഴിഞ്ഞ മാസത്തെ കുടിശിക മാത്രമാണ് ഉള്ളതെന്നിരിക്കെ മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി ബന്ധം വിഛേദിച്ച അധികൃതരുടെ നിലപാടും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.