ഡോ. .ക്രിസ്റ്റി ഫെർണാണ്ടസിന്റെ നിര്യാണത്തിൽ കൊ ല്ലം രൂപത അനുശോ ചിച്ചു
1376324
Wednesday, December 6, 2023 11:29 PM IST
കൊല്ലം: ക്രൈസ്തവ പിന്നാക്ക സമൂഹത്തിൽ നിന്നും വിദ്യാഭ്യാസത്തിലൂടെ ഔന്നത്യത്തിന്റെ പടവുകൾ ചവിട്ടി കയറിയ ഡോ.ക്രിസ്റ്റി ഫെർണാണ്ടസ് ഈ സമൂഹത്തിനും വിശിഷ്യാ ക്രൈസ്തവ സമൂഹങ്ങൾക്കും മാതൃകയാണെന്നതിൽ കൊല്ലം രൂപത അഭിമാനിക്കുന്നതായി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സർവീസ് കാലഘട്ടത്തിലൂടനീളം അദ്ദേഹം പുലർത്തിയ ഉയർന്ന കാര്യക്ഷമത, നീതിബോധം, സംഘാടനപാടവം, ലളിതമായ ജീവിത രീതി, ഉൽകൃഷ്ടമായ മനുഷ്യ സ്നേഹത്തിലും സേവന തൽപരതയിലും ഊന്നിയ പ്രവർത്തനങ്ങൾ എന്നിവയാണ് മറ്റു ഐഎഎസ് ഉദ്യോഗസ്ഥന്മാരിൽ നിന്നും ഡോ. ക്രിസ്റ്റി ഫെർണാണ്ടസിനെ വ്യത്യസ്തനാക്കുന്നത്. സേവന കാലയളവുകളും സർവീസിൽ നിന്നും വിരമിച്ചതിനുശേഷം അദ്ദേഹം തുടർന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും ഒരു യഥാർഥ ക്രൈസ്തവന്റെ ദൗത്യത്തിന്റെ തിരിച്ചറിയൽ ആയിരുന്നു എന്നും രൂപത അനുസ്മരിച്ചു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളെ കുറിച്ച്പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട കമ്മിഷനിൽ അംഗമായിരുന്നു കൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകളെയും കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങൾ ആകമാനം നന്ദിയോടെ എന്നും സ്മരിക്കുമെന്നും രൂപത കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളോടും സമൂഹത്തോടും പക്ഷം ചേരുന്നതായും ആത്മാവിന് നിത്യ വിശ്രമം നേരുന്നതായും കൊല്ലം രൂപത അനുശോചന കുറിപ്പിൽ അറിയിച്ചു.