കടന്പാട്ടുകോ ണം -തിരുമംഗലം ദേശീയപാതയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കണം:പ്രേമചന്ദ്രൻ എംപി
1376317
Wednesday, December 6, 2023 11:29 PM IST
കൊല്ലം :ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ദേശീയപാത 744 ല്‍ കടമ്പാട്ടുകോണം, ചടയമംഗലം, പത്തടി, തെന്മല, ഇടമണ്‍, ആര്യങ്കാവ്, ചെങ്കോട്ട വഴി തിരുമംഗലം വരെയുളള റോഡിന്റെ വികസനത്തിന്റെ മുഴുവന്‍ ചിലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനടപടി ക്രമങ്ങളിലെ കാലതാമസം മൂലം പ്രദേശവാസികളും ഭൂടമകളും നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ലോകസഭയില്‍ ആവശ്യപ്പെട്ടു.
ദേശീയപാത 744 ല്‍ കടമ്പാട്ടുകോണം, ഇടമണ്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനം സ്തംഭനാവസ്ഥയിലാണ്.
ഭൂമി ഏറ്റെടുക്കല്‍ നടപടിക്കുണ്ടാകുന്ന കാലതാമസമാണ് കാരണം. ഇരുസര്‍ക്കാരുകളും ഒരു അന്തിമ തീരുമാനത്തില്‍ എത്താത്തതിനാല്‍ പ്രദേശവാസികളും ഭൂടമകളും പ്രതിസന്ധിയിലാണ്. മൂന്ന് ഡി വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ നാളിതുവരെ ഭൂടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല.
മൂന്ന്എ വിജ്ഞാപനം പുറപ്പെടുവിച്ച വില്ലേജുകളില്‍ തുടര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ കാലാവധി കഴിഞ്ഞതോടെ വിജ്ഞാപനം അസ്ഥിരപ്പെട്ടു.
ദേശീയപാത ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനം വഴിമുട്ടി നില്‍ക്കുകയാണ്. 2700 കോടിയിലേറെ തുക മുടക്കി നടപ്പാക്കുന്ന ഭാരത് മാല പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കേണ്ടതായ 200 കോടിയില്‍ താഴെ മാത്രം വരുന്ന വിഹിതത്തിന്റെ പേരില്‍ പദ്ധതി നിര്‍ത്തിവയ്ക്കുന്നത് നീതികരിക്കാവുന്നതല്ല.
സംസ്ഥാന സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കേണ്ടതിന്റെ ബാധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മുഴുവന്‍ തുകയും ചിലവും കേന്ദ്രം വഹിച്ച് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാണം സത്വരമായി പൂര്‍ത്തിയാക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു.