തീരദേശ പരിപാലന നിയമം മൂലമുളള പ്രതിസന്ധി: കേന്ദ്രം ഇടപെടണമെന്ന് പ്രേമചന്ദ്രന് എംപി ലോ ക്സഭയില്‍ ആവശ്യപ്പെട്ടു
1375882
Tuesday, December 5, 2023 12:26 AM IST
കൊല്ലം: മത്സ്യതൊഴിലാളികളുടെ ദൈനംദിന ജീവിതത്തിലെ അത്യാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന തീരദേശ പരിപാലന നിയമം മൂലമുളള പ്രതിസന്ധി മറികടക്കുവാന്‍ കേന്ദ്രം ഇടപെടണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്.
കൊല്ലം ഉള്‍പ്പെടെയുളള കേരളത്തിലെ തീരദേശ മേഖലയില്‍ അദിവസിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് തീരദേശ പരിപാലന നിയം തടസമാകുന്നത് നിയമം അനുശാസിക്കുന്ന തരത്തിലുളള തീരദേശ മേഖല മാസ്റ്റര്‍ പ്ലാന്‍ വിജ്ഞാപനം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിട്ടുളള കാലതാമസമാണ്.
2019 ലെ തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തീരദേശ പരിപാലന നിയമത്തിന്റെ ഇളവുകള്‍ ലഭിക്കുന്നത് തീരദേശ മേഖല മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ്. നാളിതുവരെയായി മാസ്റ്റര്‍ പ്ലാന്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ തീരദേശ മത്സ്യതൊഴിലാളി വിഭാഗം വീടുകളുടെ അറ്റകുറ്റപ്പണി പോലും ചെയ്യുവാന്‍ കഴിയാത്ത വിധം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിട്ടുളള കരട് മാസ്റ്റര്‍ പ്ലാന്‍ അപാകതകള്‍ നിറഞ്ഞതാണ്.
പ്രദേശത്തെ യഥാര്‍ഥ വികസനം കണക്കിലെടുക്കാതെ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ സ്വഭാവം മുന്‍നിര്‍ത്തി മേഖല തിരിക്കുന്നതു കൊണ്ട് നഗരസമാനമായ വികസനമുളള പ്രദേശങ്ങള്‍ക്ക് തീരദേശ പരിപാലന നിയമം അനുവദിച്ചിട്ടുളള ഇളവുകള്‍ ലഭിക്കാതെ വരും. കൊല്ലത്തെ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന തീരദേശ മേഖല ഉള്‍പ്പെടെ തീരദേശ പരിപാലന നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം നഗരതുല്യമായ മേഖലയായി കണക്കാക്കേണ്ടതാണ്.
എന്നാല്‍ പ്രദേശത്തിന്റെ വസ്തുതാപരമായ വിവരങ്ങള്‍ കണക്കിലെടുക്കാതെ തയ്യാറാക്കിയിട്ടുളള കരട് പ്രകാരം തീരദേശ മേഖലയ്ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ശരിയായ പരിശോധന നടത്തി തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുളള വിഭാഗങ്ങള്‍ തീരദേശ പരിപാലന നിയത്തിന്റെ വ്യവസ്ഥകള്‍ മൂലം നേരിടുന്ന കടുത്ത പ്രതിസന്ധി ഒഴിവാക്കുവാന്‍ തീരദേശ മേഖല മാസ്റ്റര്‍ പ്ലാന്‍ കുറ്റമറ്റരീതിയില്‍ സത്വരമായി വിജ്ഞാപനം ചെയ്യുവാനുളള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു.