പുനലൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പ്: ഭരണസമിതിക്കെതിരെ ഡിഎംകെ മത്സരത്തിന്
1374297
Wednesday, November 29, 2023 1:24 AM IST
പുനലൂർ: സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ഡിഎംകെ മത്സരിയ്ക്കുന്നു. പുനലൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിലാണ് ഡിഎംകെയുടെ പോരാട്ടം.
എൻഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയ്ക്കെതിരെ മുഴുവൻ സീറ്റിലും ഡിഎംകെ മത്സരിക്കുന്നുണ്ട്. ദ്രാവിഡ പാർട്ടിയായ ഡിഎംകെ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കുമെന്ന് ഡിഎംകെ നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംവരണമണ്ഡലങ്ങൾ അടക്കം മുഴുവൻ സീറ്റുകളിലേക്കും നൽകിയ നാമനിർദ്ദേശ പത്രികകൾ വരണാധികാരി അംഗീകരിച്ചിട്ടുണ്ട്. പാർട്ടിയെതെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ ഡിഎംകെ കൊല്ലം ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ നേതാക്കൾ സഹകാരികളോട് അഭ്യർഥിച്ചു.പുനലൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് യുഡിഎഫ് ഗൗരവമായി കാണുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.
ഇതിന്റെ തെളിവാണ് യഡിഎഫ് സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയ സംഭവത്തിലൂടെ വെളിപ്പെടുന്നത്. പുനലൂരിൽ ഒത്തുതീർപ്പ് ധാരണയും അഡ്ജസ്റ്റ്മെന്റുമാണ് മുന്നണികൾ തമ്മിലുള്ളത്.
നഗരസഭയിലും ഇതു ദൃശ്യമാണ്. ഇരു മുന്നണികളുടെയും പരസ്പരധാരണ പൊളിക്കാനുള്ള അവസരമാണ് സർവീസ് ബാങ്ക് തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്കു കൈവന്നിരിക്കുന്നത്.
നിരവധി വർഷങ്ങളായി നടക്കുന്ന എൽഡഎഫ് ഭരണം ഇപ്പോൾ ബാങ്കിനെ നഷ്ടത്തിൽ എത്തിച്ചിരിക്കുന്നു. കലയനാട് ബാങ്ക് നിർമിച്ച ഓഡിറ്റോറിയം ബാങ്കിന് വരുത്തി വച്ചത് കോടികളുടെ നഷ്ടമാണ്.
ഡിഎംകെ അധികാരത്തിൽ വന്നാൽ ബാങ്കിൽ നേതാക്കൾ നടത്തി വരുന്ന ബന്ധു നിയമനം അവസാനിപ്പിക്കുംമെന്നും യോഗ്യതയുള്ള യുവജനങ്ങൾക്ക് രാഷ്ട്രീയ ഭേദമില്ലാതെ നിയമനം ഉറപ്പാക്കുമെന്നും അധികാരത്തിൽ വന്നാൽ ബാങ്ക് ആരംഭിക്കുന്ന സ്റ്റോറുകൾ വഴി കമ്പോള വിലയുടെ പകുതി നിരക്കിൽ അരി നൽകുമെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എസ്. രജിരാജ്, ജില്ലാ പ്രസിഡന്റ് ശ്യാംലാൽ, പുനലൂർ നിയോജക മണ്ഡലം സെക്രട്ടറി അജ്മൽ ബിൻ ജമാൽ, കൾച്ചറൽ വിംഗ് ജില്ലാ പ്രസിഡന്റ് സദാശിവൻ ആചാരി, ഓട്ടോറിക്ഷ യൂണിയൻ ജില്ലാ സെക്രട്ടറി അയ്യപ്പൻ പുനലൂർ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഷാജി വാളക്കോട്, പുനലൂർ നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി രാജേഷ് രാജൻ, സ്ഥാനാർഥി ഫസലുദീൻ എന്നിവർ പങ്കെടുത്തു.