കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് വീഴ്ച വരുത്തി: ഡിസിസി പ്രസിഡന്റ്
1374295
Wednesday, November 29, 2023 1:24 AM IST
കൊല്ലം :ഓയൂരിൽ നിന്ന് തട്ടിക്കൊണ്ട് പോയആറുവയസുകാരിയായ അബിഗേൽ സാറ റെജിയെ കണ്ടെത്തി എന്ന വാർത്ത അതീവ സന്തോഷകരമായ ഒന്നാണെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
കുട്ടിയെ കാണാതായ സമയം മുതൽ കണ്ടെത്തുന്നത് വരെ ഈ സംഭവത്തിൽ കേരളത്തിലെ പൊതു സമൂഹവും, മാധ്യമങ്ങളും നടത്തിയ ഇടപെടീലുകൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പെണ്‍കുട്ടികൾക്കും നേരെ ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കുവാൻ സർക്കാർ - പോലീസ് സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആശ്രാമം മൈതാനത്ത് കുട്ടിയെ പ്രതികൾ ഉപേക്ഷിക്കുന്നത് വരെ കുട്ടിയെ കണ്ടെത്തുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല എന്ന് പറയുന്നത് പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കൂട്ടുത്തരവാദിത്തം ഇല്ലായ്മയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം കുറ്റവാളികളെ പിടിച്ച് കേരള പോലീസിന്റെ മികവ് തെളിയിക്കണമെന്നും ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കുട്ടിയുടെ വസതിയിൽ ഡി സി സി പ്രസിഡന്റും, കോണ്‍ഗ്രസ് നേതാക്കളായ എം. എം. നസീർ, ബിന്ദുകൃഷ്ണ, സൈമണ്‍ അലക്സ്, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, പി. ആർ. സന്തോഷ് എന്നിവർ കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചു.