ഓഫീസിനുള്ളിൽ കളക്ഷൻ ഏജന്റ് തൂങ്ങിമരിച്ച നിലയിൽ
1374181
Tuesday, November 28, 2023 10:12 PM IST
പുനലൂർ: കോൺഗ്രസ് പ്രവർത്തകനും പുനലൂർ വെൽഫെയർ സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്റുമായ പരവട്ടം വേങ്ങവിള വീട്ടിൽ രാജേന്ദ്രപ്രസാദിന്റെ മകൻ വിഷ്ണുപ്രസാദിനെ (34) കോൺഗ്രസ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കോൺഗ്രസ് ഓഫീസായ പുനലൂർ എംഎൽഎ റോഡിലെ രാജീവ് ഭവനിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസങ്ങളാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. അന്തരിച്ച മുൻ എംഎൽഎ പുനലൂർ മധുവിന്റെ ഡ്രൈവറായും വിഷ്ണുപ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്.
പാർട്ടി ഓഫീസിലെ ഹാളിന്റെ വടക്കുഭാഗത്താണ് കോൺഗ്രസ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂർ പോലീസെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. രേഷ്മയാണ് ഭാര്യ.