തെന്മലയില് വിദേശമദ്യ വേട്ട: ഒരാള്‍ പിടിയില്‍
1339764
Sunday, October 1, 2023 11:01 PM IST
തെന്മല : തെന്മലയില് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ കടയിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 105 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി ഒരാളെ പിടികൂടി.
തെന്മല റിയ എസ്റ്റേറ്റ് ലയത്തില്‍ അച്ചുമോന് (29) ആണ് പിടിയിലായത്. അച്ചുമോന് തെന്മലയില് സ്റ്റേഷനറി കട നടത്തിവരികയായിരുന്നു.
കട കേന്ദ്രീകരിച്ചു ഡ്രൈ ഡേ ആയ ദിവസങ്ങളില്‍ വില്പനക്കായി വന്‍തോതില്‍ വിദേശമദ്യം സൂക്ഷിച്ചിട്ടുള്ളതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുനലൂര്‍ ഡിവൈഎസ്പി ബി വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും, തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാം, സബ് ഇന്‍സ്പെക്ടര്‍ സുബിന് തങ്കച്ചന് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
അച്ചുമോന്റെ കടയില്‍ നടത്തിയ പരിശോധനയില്‍ 12 കുപ്പിയോളം മദ്യം ആദ്യം പിടികൂടി. പിന്നീട് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നിന്നും 93 കുപ്പി മദ്യവും കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അച്ചുമോനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുമ്പ് നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്തിയ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് എന്നും ഇയാള്‍ക്കെതിരെ കാപ്പാ ചുമത്തുന്നത് പരിശോധിക്കുമെന്നും പുനലൂര്‍ ഡിവൈഎസ്പി ബി വിനോദ് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടികൂടിയ മദ്യം തെന്മലയിലെ സര്‍ക്കാര്‍ മദ്യവില്പന ശാലയില്‍ നിന്നുള്ളതാണന്ന നിഗമനത്തിലാണ് പോലീസ്