കുളത്തൂപ്പുഴ -കടയ്ക്കൽ റോഡിൽ സംരക്ഷണഭിത്തി ഇടിഞ്ഞു
1339763
Sunday, October 1, 2023 11:01 PM IST
ചോഴിയക്കോട്: കുളത്തൂപ്പുഴ കടയ്ക്കൽ റോഡിൽ മടത്തറ ഭാഗത്തുള്ള റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വൻ അപകടം ഒഴിവായി.
മടത്തറ നിലമേൽ സ്റ്റേറ്റ് ഹൈവേക്ക് ഇരുവശവും കോടികൾ ചിലവഴിച്ച് നിർമിക്കുന്ന സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞ് പോകുന്നത്. റോഡ് വക്കിൽ നിൽക്കുന്ന വൃക്ഷങ്ങൾ കല്ല് കെട്ടിന് ഉളളിൽ നിർത്തിയാണ് സംരക്ഷണ ഭിത്തി ഒരുക്കുന്നത്.
ശക്തമായ കാറ്റ് വീശുമ്പോൾ വൃക്ഷം ഉലയുന്നതിനൊപ്പം സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോകുകയാണ് പതിവ്.
നാല് ദിവസമായി പെയ്ത മഴയിലും ശക്തമായ കാറ്റിലുമാണ് മടത്തറ തുമ്പമൺതൊടിക്ക് സമീപം അമ്പത് മീറ്ററോളം സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോയത്.
സംരക്ഷണ ഭിത്തി നിർമിച്ചപ്പോൾ പാലമരം സംരക്ഷണ ഭിത്തിക്കുളളിൽ നിർത്തിയാണ് നിർമാണം നടത്തിയത് അന്ന് നാട്ടുകാർ അശാസ്ത്രീയമായ നിർമാണം ആണെന്ന് കാട്ടി ചടയമംഗലം പൊതുമരാമത്ത് ഉദ്യോഗസ്ഥന് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.
കരിങ്കൽ ക്വാറികളിൽ നിന്ന് ലഭിക്കുന്ന വിലകുറഞ്ഞ രണ്ടാം തരം കല്ലുകളാണ് ഇവിടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മഴ നനയുമ്പോൾ ഈ കല്ലുകൾ ജലം വലിച്ചെടുത്ത് ബലക്ഷയം ഉണ്ടാകുന്നുണ്ട്.ഈ അശാസ്ത്രീയമായ നിർമാണത്തിന് കരാറുകാരനെ സഹായിക്കാൻ പൊതുമരാമത്ത് വകുപ്പ് കണ്ണടയ്ക്കുന്നത് കൊണ്ടാണ് കാറ്റും മഴയ ും വരുമ്പോൾ സംരക്ഷണ ഭിത്തി ഇടി യുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.