കെട്ടിട നിർമാണ അനുമതി വൈകിപ്പിച്ചു പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
1339530
Sunday, October 1, 2023 1:08 AM IST
കൊല്ലം : വീടിന്റെ ഒന്നാം നില നിർമിക്കുന്നതിന് 2020 ൽ നൽകിയ അപേക്ഷയിൽ 2022 വരെ തീരുമാനമെടുക്കാതെ വൈകിപ്പിച്ച തൃക്കോവിൽവട്ടം പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ.
കേരള മുൻസിപ്പൽ ബിൽഡിംഗ്സ് റൂൾ 2019 - ലെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രത്യക്ഷത്തിൽ തന്നെ വീഴ്ച സൂചിപ്പിക്കുന്ന അലംഭാവവും അവഗണനയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതായി കമ്മിഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
ബന്ധപ്പെട്ട നിയമങ്ങളിലെ സമയപരിധിയും സേവനാവകാശ നിയമപ്രകാരമുള്ള സമയപരിധിയും ഉദ്യോഗസ്ഥർ അവഗണിച്ചതായി കമ്മിഷൻ നിരീക്ഷിച്ചു.ഉത്തരവ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം വാങ്ങണമെന്ന് കമ്മിഷൻ നിർദേശിച്ചു.
അലംഭാവം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സേവനാവകാശ നിയമപ്രകാരം നടപടിയെടുക്കേണ്ടതാണെങ്കിൽ അക്കാര്യം സൂചിപ്പിച്ച് വിശദീകരണം സമർപ്പിക്കണമെന്നും കമ്മിഷൻ പഞ്ചായത്ത് ഡയറക്ടർക്ക് ഉത്തരവ് നൽകി.
കൊല്ലം കടപ്പാക്കട ശ്രുതിയിൽ സുരേഷ് ബാബു സമർപ്പിച്ച പരാതിയിലാണ് നടപടി. രണ്ടു ലക്ഷത്തിപതിനായിരം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്.
പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ (കൊല്ലം) സമർപ്പിച്ച റിപ്പോർട്ടിൽ പരാതി വാസ്തവമാണെന്ന് പറയുന്നു. എന്നാൽ കോവിഡ് ലോക്ക് ഡൗൺ നിലവിലുണ്ടായിരുന്നത് കാരണമുള്ള കാലതാമസം അപേക്ഷ അംഗീകരിക്കുന്ന കാര്യത്തിലുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
2022 ഒക്ടോബർ പതിനെട്ടിന് പരാതിക്കാരന് കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും മനപൂർവമുള്ള കാലതാമസമുണ്ടായതായി പരാതിക്കാരൻ അറിയിച്ചു.