ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് :ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
1339529
Sunday, October 1, 2023 1:08 AM IST
ചവറ:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി പോലീസ് പിടിയിലായി.കൊല്ലം ഇരവിപുരം പുത്തന്‍നട നഗര്‍ 21 ഷീജാ മൈക്കിള്‍(55) ആണ് ഡല്‍ഹിയില്‍ നിന്നും ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കൂട്ട് പ്രതിയായ അഭിലാല്‍ രാജു ഒളിവിലാണ്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ചെറുപ്പക്കാരില്‍ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. വിസാ നടപടികള്‍ക്കും മറ്റുമായി ഏഴര ലക്ഷം രൂപയാണ് ഒരോരുത്തരില്‍ നിന്നും ഇവര്‍ ഈടാക്കിയത്.
പറഞ്ഞ സമയത്തിനുള്ളില്‍ വിസ ലഭിക്കാതായതോടെ ശക്തികുളങ്ങര സ്വദേശികളായ യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പ് ആണെന്ന് കണ്ടെത്താനായത്.
ശക്തികുളങ്ങര കൂടാതെ ചവറ, ഇരവിപുരം, അഞ്ചാലുംമൂട് എന്നീ പോലീസ് സ്റ്റേഷനുകളിലും തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കിയിട്ടുണ്ട്.പോലീസ് നടത്തിയ അന്വേഷണത്തില്‍, ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ ഇവര്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ മെറിന് ജോസഫിന്റെ നിര്‍ദേശപ്രകാരം ശക്തികുളങ്ങര എസ് ഐ ആശ ,ചവറ എസ് ഐ ഹാരിസ്, ശക്തികുളങ്ങര എസ് സിപിഒ ജയകുമാരി, ഇരവിപുരം സിപിഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി ഷീജ മൈക്കിളിനെ കസ്റ്റഡിയില്‍ എടുത്തത്.