ചെറിയവെളിനെല്ലൂരിൽ നിരാശ്രയനായ വയോധികന് സ്നേഹാശ്രമം അഭയം നൽകി
1338807
Wednesday, September 27, 2023 11:19 PM IST
പാരിപ്പള്ളി :ചെറിയ വെളിനെല്ലൂർ ഗ്രാമത്തിൽ അരനൂറ്റാണ്ട് കാലം തുന്നൽക്കാരനായിരുന്ന, ചരുവിളവീട്ടിൽ ജി. വാസുദേവനെ (73) വെളിനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസറിന്റെ താത്പര്യ പ്രകാരം വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ഏറ്റെടുത്തു.
ഭാര്യയും മൂത്ത മകനും മരണപ്പെടുകയും രണ്ടാമത്തെ മകൻ നാടു വിട്ടു പോവുകയും ചെയ്തു. കിടപ്പാടം വിറ്റു മകളുടെ വിവാഹം നടത്തിയതോടെ വാസുദേവൻ അക്ഷരാർഥത്തിൽ അനാഥനായി.
സുഹൃത്തുക്കളുടെ വീടുകളിലായിരുന്നു ഉറക്കം. പ്രായാധിക്യത്തിന്റെ രോഗപീഢകളായതോടെ അതും ബുദ്ധിമുട്ടിലായി. വെളിനെല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന, ഗ്രാമ പഞ്ചായത്ത് അംഗം ജോളി ജെയിംസ്,മുൻ ഗ്രാമ പഞ്ചായത്ത് അംഗം ജെയിംസ് എൻ . ചാക്കോ എന്നിവരാണ് വാസുദേവനെ സ്നേഹാശ്രമത്തിൽ എത്തിച്ചത്. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് പൊന്നാട ചാർത്തി സ്വീകരിച്ചു.
ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ , വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, കെ.എം.രാജേന്ദ്രകുമാർ , ഡോ.എസ്.രവിരാജൻ, ബി.സുനിൽകുമാർ , ജി.രാമചന്ദ്രൻ പിള്ള , ആലപ്പാട്ട് ശശിധരൻ ,എം.കബീർ, കെ. മോഹനൻ എന്നിവർ പങ്കെടുത്തു.