മലയോര ഹൈവേ: അരിപ്പയില്‍ അപകടം തുടര്‍ക്കഥയാകുന്നു
1338804
Wednesday, September 27, 2023 11:19 PM IST
അഞ്ചല്‍ : മലയോര ഹൈവേയില്‍ കുളത്തുപ്പുഴ മടത്തറ പാതയില്‍ അരിപ്പയില്‍ വാഹനാപകടം നിത്യസംഭവമായി മാറുന്നു. ബുധനാഴ്ച രാവിലെ കോഴിയുമായി പോയി മടങ്ങിവന്ന മിനി ലോറി മറിഞ്ഞുണ്ടായ അപകടമാണ് ഒടുവിലത്തേത്.
അപകടത്തില്‍ കുളത്തുപ്പുഴ സ്വദേശികളായ ഡ്രൈവര്‍ റാഫി സഹായി ഷാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരിപ്പ സര്‍ക്കാര്‍ സ്കൂളിനു മുന്നിലായി നിരന്തരം അപകടം ഉണ്ടാകുന്നത് ജനങ്ങളെയും സ്കൂള്‍ അധികൃതരെയും വിദ്യാര്‍ഥികളേയും ഒന്നുപോലെ ഭീതിയിലാക്കുകയാണ്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്ക്കുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലത്താണ് ഏറെയും അപകടം ഉണ്ടായിരിക്കുന്നത്.
പാതയുടെ നിര്‍മാണത്തില്‍ ഉണ്ടായ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍മ്മാണ വേളയിലും അപകടങ്ങള്‍ നിരന്തരമായി ഉണ്ടായപ്പോഴും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഒന്നുമുണ്ടായിട്ടില്ല. സ്കൂളിനു മുന്നിലുള്ള ചെറിയ വളവ് തിരിയവെയാണ് വാഹനങ്ങള്‍ നിയന്ത്രണം വിട്ടുമറിയുന്നത്. മഴകൂടി പെയ്യുന്ന സമയത്ത് അപകടങ്ങള്‍ വര്‍ധിക്കുകയാണ്.
അധികാരികള്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.