ആലപ്പുഴ ജില്ലാ പോലീസ് ആസ്ഥാനം; കലുങ്ക് നിര്‍മാണത്തിന് തുക കൈമാറി
1338556
Wednesday, September 27, 2023 12:20 AM IST
ചവറ : ആലപ്പുഴയിലെ പുതിയ ജില്ലാപോലീസ് ആസ്ഥാന മന്ദിരത്തിന്റെ നിർമാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലുങ്ക് നിര്‍മാണത്തിന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡും (കെ എം എം എല്‍) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡും (ഐ ആര് ഇ എല്‍) സംയുക്തമായി തുക കൈമാറി. ആദ്യ ഗഡുവായ എട്ടു ലക്ഷം രൂപയാണ് കൈമാറിയത്. 16 ലക്ഷം രൂപ ചെലവിലാണ് കലുങ്ക് നിര്‍മിക്കുന്നത്.
കേരളാ പോലീസിന്റെ തന്നെ ഭാഗമായ കേരളാ പോലീസ് ഹൗസിംഗ് കോര്പറേഷന് കമ്പനി ലിമിറ്റഡ് ആണ് നിര്‍വഹണ ഏജന്‍സി. കലുങ്ക് നിര്‍മാണത്തിന് എട്ട് ലക്ഷം രൂപ വീതം കെ എം എം എല്‍, ഐ ആര് ഇ എല്‍ കമ്പനികള്‍ നല്‍കും. കെ എം എം എല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഹെഡ് ടി. കാര്‍ത്തികേയനും ഐ ആർ ഇ എല്‍ ഹെഡ് വിശ്വനാഥനും ചേര്‍ന്ന് ചെക്ക് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് കൈമാറി.
നിലവില്‍ ആലപ്പുഴ ജില്ലാ പോലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ബ്രീട്ടീഷ് കാലത്ത് പണിത 120 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ്. കാലപ്പഴക്കം മൂലം ഇത് ദ്രവിച്ചുതുടങ്ങിയ സാഹചര്യത്തിലാണ് പുതിയ ആസ്ഥാന മന്ദിരം റബര്‍ ഫാക്ടറി ജംഗ്ഷനില്‍ നിര്‍മിക്കുന്നത്.
അവിടേക്ക് എത്തിച്ചേരാന്‍ നിലവില്‍ മൂന്നു മീറ്റര്‍ വീതിയിലുള്ള ഇടുങ്ങിയ വഴിയാണുള്ളത്. ഇത് ആസ്ഥാനമന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാല്‍ നിര്‍ദിഷ്ട സ്ഥലത്തിന് കുറുകെയായി മൈനര്‍ ഇറിഗേഷന്റെ നാല് മീറ്റര്‍ വീതിയുള്ള തോട് കടന്നുപോകുന്നുണ്ട്.
ഇതിന് കുറുകെയായി കലുങ്ക് നിര്‍മിച്ചാല്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിലേക്ക് എത്തിച്ചേരാന്‍ സൗകര്യമുള്ള വഴിയാകും. തുടര്‍ന്നാണ് കലുങ്ക് നിര്‍മ്മിക്കാന്‍ കെ എം എം എല്ലിനേയും ഐ ആര് ഇ എല്ലിലനേയും സമീപിച്ചത്.
അഡീഷണല്‍ എസ്പി ആലപ്പുഴ സുരേഷ്കുമാര്‍ ,ഡപ്യൂട്ടി കമാഡന്റ് ഓഫ് പോലീസ് വി. സുരേഷ് ബാബു , കെ എം എം എല്‍ ഡപ്യൂട്ടി മാനേജര്‍ എം.ടി. ജോതിപ്രഭ, ഐആർഇഎല്‍ സിഎം ബിമല്‍ ജോഷി, കെഎംഎംഎല്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ മുഹമ്മദ് ഷബീര്‍, കണ്‍സ്ട്രക്ഷന്‍ സെക്ഷന്‍ ഗ്രേഡ് ക്ലാര്‍ക്ക് അരുണ്‍കുമാര്‍, കണ്‍സ്ട്രക്ഷന്‍ ലൈസണ്‍ എം.എസ് മനോജ് തുടങ്ങിവര്‍ പങ്കെടുത്തു.