രവീന്ദ്രൻ മാസ്റ്റർ സ്മാരക മന്ദിരം; ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായിരുന്നുവെന്ന് ആക്ഷേപം
1338553
Wednesday, September 27, 2023 12:10 AM IST
കുളത്തുപ്പുഴ: പതിനാലു വര്‍ഷമായിട്ടും നിർമാണം പൂർത്തിയാക്കാത്ത രവീന്ദ്രൻ മാസ്റ്റര്‍ സ്മാരക മന്ദിരമായ രാഗസരോവരം തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായിരുന്നു എന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.
കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് രാഗസരോവരത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഉന്നത ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മാരായ പ്ലാവിള ഷെരീഫ്, കെ. കെ. കുര്യന് എന്നിവര്‍ ആവശ്യപ്പെട്ടത്.
ഒന്നേകാൽ കോടിയോളം രൂപ ചെലവഴിച്ചുവെങ്കിലും മന്ദിരത്തിന്റെ നിർമാണം ഇതുവരെയും പൂർത്തിയാക്കിയിട്ടില്ലെന്നും പ്രസിഡന്റ് പദവിയില്‍ കാലാവധി പൂർത്തിയാകുന്നതിന് മുൻപായി നിർമാണം പൂർത്തിയാക്കിയെന്ന് വരുത്തി തീർത്ത് ശിലാഫലകത്തിൽ പേര് വരുത്തുന്നതിനുമായി പഞ്ചായത്ത് ഭരണസമിതിയിലെ മുൻ പ്രസിഡന്റിന്റെ നേതൃതത്തിൽ തട്ടി കൂട്ടിയ നാടകമായിരുന്നു സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനമെന്നും കോണ്‍ഗ്രസ് ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ കെ.കെ കുര്യന്, പ്ലാവിള ഷെറീഫ് എന്നിവര്‍ ആരോപിച്ചു.
2009-ൽ 51 ലക്ഷം രൂപ മുടക്കി ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാന് പദ്ധതി തയാറാക്കി അന്നത്തെ ഇടതു മുന്നണി പഞ്ചായത്ത് സമിതിയാണ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്.
എന്നാല്‍ നടത്തിപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം നിര്‍മാണത്തിനായി 1.25 കോടി രൂപയോളമാണ് മുടക്കേണ്ടി വന്നത്. ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്ന സ്മാരക നിർമാണം 14 വർഷം ആയിട്ടും പൂർത്തീകരിച്ചില്ല.
ഇതിനിടയിലാണ് ഇക്കഴിഞ്ഞ ജൂലായ് ഏഴിന് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന്റെ തലേന്ന് തിടുക്കപ്പെട്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്. എന്നാൽ ഉദ്ഘാടനത്തിന് തൊട്ടടുത്ത ദിവസം പൂട്ടിയിട്ട മന്ദിരം ഇതുവരെയും പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടുമില്ല.
അതു കൊണ്ടു തന്നെ മന്ദിരത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളും ക്രമക്കേടുകളും ഉന്നത ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും അഭിപ്രായങ്ങൾ പറയാന്‍ ഇടതു മുന്നണിയുടെ പ്രസിഡന്റുമാര്‍ക്ക് അവകാശമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.