കല്ലടയാറ്റിലെ സമാന്തര ജലോത്സവം നിരോധിച്ചു
1338024
Sunday, September 24, 2023 11:25 PM IST
കൊല്ലം കല്ലടയാറ്റില്‍ ചാമ്പ്യന്‍സ് ലീഗിന് സമാന്തരമായി 26-ന് നടത്താനിരുന്ന നാടന്‍ വള്ളങ്ങളുടെ ജലോത്സവത്തിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു.
എല്ലാ പ്രധാനപ്പെട്ട ജലോത്സവങ്ങളും ഒന്നുചേര്‍ത്താണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുന്നത്. കല്ലട ജലോത്സവം ഇതിന്റെ ഭാഗമായി വരുന്നതിനാല്‍ മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചിട്ടുണ്ട്.
മറ്റ് സുരക്ഷാ കാരണങ്ങള്‍കൂടി പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ കല്ലടയാറ്റിലെ സമാന്തര ജലോത്സവം നിരോധിച്ചത.്
ജലോത്സവം തടയുന്നതിലേക്കായി മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയെയും ചുമതലപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടവും കാലാകാലങ്ങളായി നടത്തിവരുന്ന കല്ലട ജലോത്സവം ഈ വര്‍ഷവും ഗംഭീരമായി നടത്തുന്നതിന് വേണ്ടി രണ്ടു മീറ്റിംഗുകള്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരും കക്ഷി രാഷ്രീയ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുകയുണ്ടായി .അടുത്ത മീറ്റിംഗ് ഇന്ന് രാവില 10.30ന് മണ്‍ട്രോത്തുരുത് ഗ്രാമ പഞ്ചായത്ത് ഹാളില്‍ കൂടുവാനും തീരുമാനിച്ചു .
നവംബര്‍ 25 ന് നടക്കുന്ന കല്ലട ജലോത്സവം ഭംഗിയായി നടത്തുന്നതിന് വേണ്ടി മുന്‍പോട്ടു പോകുമ്പോള്‍ ഇതു രണ്ടായി കാണുന്ന പ്രവണത ഒഴിവാക്കി ഈ നാടിന്റെ ഉത്സവത്തിന്റെ ഭാഗമായി ഒന്നിച്ചു നിന്ന് തുടക്കം മുതല്‍ അവസാനം വരെ ഒരു മനസോടെ എല്ലാവരും ഉണ്ടാകണമെന്ന് കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ അറിയിച്ചു