സിപിഎം പ്രചാരണ ജാഥക്ക് തുടക്കമായി
1338022
Sunday, September 24, 2023 11:25 PM IST
കൊട്ടാരക്കര : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും സംസ്ഥാന സർക്കാരിനോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ സി പി എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന നിയമസഭാ മണ്ഡലം രാഷ്ട്രീയ പ്രചരണ ജാഥയുടെ കൊട്ടാരക്കര മണ്ഡലം കാൽനട ജാഥ തുടങ്ങി.
സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി .എ. ഏബ്രഹാം ക്യാപ്റ്റനും കൊട്ടാരക്കര ഏരിയ സെക്രട്ടറി പി .കെ. ജോൺസൻ വൈസ് ക്യാപ്റ്റനും നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ. രാമാനുജൻ മാനേജരുമായ ജാഥ ഇന്നലെ രാവിലെ വാളകത്ത് സി പി എം കേന്ദ്ര കമ്മിറ്റി അംഗം കെ .എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക മേഖലയിൽ ഉണ്ടാകുന്ന കടുത്ത നിയന്ത്രണം മൂലമാണ് രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നതെന്ന് ബാലഗോപാൽ പറഞ്ഞു.
ജോലി ഇല്ലാതാക്കിയും കൂലി കുറച്ചും പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിച്ചും കേന്ദ്ര സർക്കാർ രാജ്യത്തെ കോ ഓപ്പറേറ്റുകളെ സഹായിക്കുകയാണ്. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം നേടിയെടുക്കുന്നതിൽ കേരളത്തിൽ നിന്നുള്ള 18 യു ഡി എഫ് എം പി മാർഇടപ്പെടുന്നില്ലെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി . കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം വി .രവീന്ദ്രൻ നായർ അധ്യക്ഷനായി.
വാളകം ലോക്കൽ സെക്രട്ടറി കെ .പ്രതാപകുമാർ ,സംസ്ഥാന കമ്മിറ്റി അംഗം കെ .രാജഗോപാൽ, സി .മുകേഷ്, എസ് .ആർ .രമേശ് എന്നിവർ പ്രസംഗിച്ചു. അണ്ടൂർ, ഉമ്മന്നൂർ, പിണറ്റിൻ മുകൾ, നെല്ലിക്കുന്നം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം അമ്പലപ്പുറത്ത് സമാപിച്ചു.
സ്വീകരണ യോഗങ്ങളിൽ ജാഥാ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, മാനേജർ എന്നിവരെ കൂടാതെ എൻ .ബേബി, പി .ടി .ഇന്ദുകുമാർ, ബി .സനൽകുമാർ, എ. അഭിലാഷ്, ആർ .രാജേഷ്, വി .പി .പ്രശാന്ത്, മീര എസ്. മോഹൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ തൃക്കണ്ണമംഗലിൽ നിന്നും ആരംഭിക്കുന്ന ജാഥ കൊട്ടാരക്കര റയിൽവേ സ്റ്റേഷൻ, പുലമൺ, മൈലം ഫാക്ടറി ജംഗ്ഷൻ, ഇഞ്ചക്കാട്, കലയപുരം എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ വൈകുന്നേരം പുത്തുർ മുക്കിൽ സമാപിക്കും. സമാപന സമ്മേളനം സി പി എം. സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്യും.