നെട്ടയം സര്‍ക്കാര്‍ ഹൈസ്കൂള്‍ അധികൃതരുടെ മുള മുറിച്ച നടപടി വിവാദത്തില്‍
1338019
Sunday, September 24, 2023 11:13 PM IST
അഞ്ചല്‍ : സ്കൂള്‍ പരിസരത്ത് നിന്ന മുളക്കൂട്ടം കുട്ടികള്‍ക്ക് ഭീഷണിയാകുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവ മുറിച്ചുമാറ്റാന്‍ ഏരൂര്‍ നെട്ടയം സര്‍ക്കാര്‍ ഹൈസ്കൂള്‍ അധികൃതര്‍ ജില്ലാ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. ഇതിന്‍പ്രകാരം മുളകള്‍ മുറിച്ചു മാറ്റാന്‍ ജില്ല പഞ്ചായത്ത് അധികൃതര്‍ സ്കൂള്‍ അധികൃതര്‍ക്ക് അനുമതി നല്കി. ഈ ഉത്തരവ് മറയാക്കിയാണ് മുറിച്ച ആയിരങ്ങള്‍ വിലയുള്ള മുളകള്‍ വില്പന നടത്തിയത്. സര്‍ക്കാര്‍ സ്കൂള്‍ അടക്കം പൊതു ഇടങ്ങളില്‍ നില്ക്കുന്ന ഇത്തരം മരങ്ങള്‍ മുറിച്ചു നീക്കിയാല്‍ അത് വില്പന നടത്തുന്നതിനു വനം വകുപ്പ് അധികൃതര്‍ എത്തി വില നിശ്ചയിക്കണം.
പിന്നീട് നോട്ടീസ് നല്കി ലേലത്തില്‍ വയ്ക്കുകയും മൂന്നുതവണ ലേലം കൊള്ളാന്‍ ആളുകള്‍ എത്തിയില്ലങ്കില്‍ മാത്രമേ അധികൃതര്‍ക്ക് സ്വന്തം നിലയില്‍ വില്‍പ്പന നടത്താന്‍ അധികാരമുള്ളൂ.
എന്നാല്‍ ഈ ചട്ടങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ നെട്ടയം സ്കൂള്‍ അധികൃതര്‍ സ്വന്തം നിലയില്‍ മുളകള്‍ വില്പന നടത്തിയിരിക്കുന്നത്.
സ്കൂള്‍ പിടിഎയും ഒരു വിഭാഗം അധ്യാപകരും അറിഞ്ഞുകൊണ്ടാണ് മുള കടത്തിയതെന്ന് പൊതുപ്രവര്‍ത്തകനായ രാജു കോളച്ചിറ ആരോപിച്ചു. മുറിച്ചു മാറ്റാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ ആയിരങ്ങള്‍ വിലയുള്ള മുള കടത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു വിദ്യാഭ്യാസ വകുപ്പിലെ ഉന്നതര്‍ക്ക് പരാതി നല്‍കുമെന്നും രാജു പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ തള്ളുകയാണ് സ്കൂള്‍ പിടിഎയും സ്കൂള്‍ അധികൃതരും.
കുട്ടികളുടെ സുരക്ഷക്കായി മുളമരങ്ങള്‍ മുറിച്ചു നീക്കുക മാത്രമാണ് ഉണ്ടായതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നും സ്കൂള്‍ പ്രഥമാധ്യാപികക്ക് പക്ഷെ എല്ലാ ചട്ടങ്ങളും പാലിച്ചിരുന്നോ എന്ന ചോദ്യത്തിന് പക്ഷെ മറുപടിയില്ലായിരുന്നു.