പുലി ഇറങ്ങിയ സ്ഥലത്ത് കാമറ സ്ഥാപിച്ച് വനംവകുപ്പ്
1338014
Sunday, September 24, 2023 11:13 PM IST
ആര്യങ്കാവ് : പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി മേഖലയില്‍ പുലി ഇറങ്ങി ആടിനെ പിടിച്ച സംഭവത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിനായി കാമറ സ്ഥാപിച്ചു.
മണ്ണാറപ്പാറ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പുലി ഇറങ്ങി ആടിനെ പിടിച്ച ചെമ്പനരുവി ഒരേക്കര്‍ നിരപ്പില്‍ പുത്തന്‍വീട്ടില്‍ സുധീര്‍ഖാന്റെ വീടിന് സമീപത്തും വനഭാഗത്തും കാമറകള്‍ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം സുധീര്‍ഖാന്റെ രണ്ടു ആടുകളെയും അതിന് മുമ്പുള്ള ദിവസം സമീപവാസിയായ പ്ലാംകൂട്ടത്തില്‍ വീട്ടില്‍ ഭാസ്കരപിള്ളയുടെ ഒരാടിനേയും പുലി പിടിച്ചിരുന്നു.
സ്ഥലത്ത് നിന്നും ലഭിച്ച കാല്‍പ്പാടുകള്‍, ആടിനെ കടിച്ച രീതി എല്ലാം സൂചിപ്പിക്കുന്നത് പുലി തന്നെയാണ് എന്നതാണ്. പക്ഷെ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം വരുത്തുന്നതിനയിട്ടാണ് വനം വകുപ്പ് ഇപ്പോള്‍ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കാമറയില്‍ പുലിയെന്നു സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.ഇതുകൂടാതെ വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
മുന്നൂറ്റിയമ്പത്തോളം കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശത്ത് പുലിയിറങ്ങിയന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
സന്ധ്യ കഴിഞ്ഞാല്‍ പിന്നെ പുറത്തിറങ്ങാന്‍ പേടിയാണ് എന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങളുടെ ഭീതിയാകറ്റാന് വനം വകുപ്പ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടു.