പുലിപ്പേടിയില്‍ ചെമ്പനരുവി ഗ്രാമം
1337859
Saturday, September 23, 2023 11:44 PM IST
ആര്യങ്കാവ് : പുലിപ്പേടിയിലാണ് പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി ഗ്രാമം.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്നോളം ആടുകളെയാണ് പുലി കടിച്ചു കീറിയത്. ചെമ്പനരുവി ഒരേക്കര്‍ നിരപ്പില്‍ പുത്തന്‍വീട്ടില്‍ സുധീര്‍ഖാന്റെ ഉടമസ്ഥതയിലുള്ള രണ്ട് ആടുകളെ വ്യാഴാഴ്ച പുലര്‍ച്ചെ പുലി കടിച്ചു കൊന്നു.
ഒരാടിനെ പൂര്‍ണ്ണമായും തിന്നുകയും മറ്റൊന്നിനെ കടിച്ചു കൊല്ലുകയുമായിരുന്നു. വനം വകുപ്പിന്റെ വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ചത്ത ആടുകളെ മറവ് ചെയ്തു. ബുധാനാഴ്ച പ്ലാംകൂട്ടത്തില്‍ വീട്ടില്‍ ഭാസ്കരപിള്ളയുടെ ഒരാടിനേയും പുലി പിടിച്ചിരുന്നു.
350 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ജനവാസ മേഖലയിലാണ് പുലി ഇറങ്ങിയത്. ജനവാസ മേഖലയില്‍ പുലി ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ജനം ഭീതിയിലാണ്. വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം എന്ന് സുധീര്‍ ഖാന് ആവശ്യപ്പെട്ടു.
12 ഓളം ആടുകള്‍ ഉണ്ടായിരുന്ന താന്‍ വന്യമൃഗങ്ങളുടെ ശല്ല്യം കൂടിയതോടെ മറ്റുള്ളവയെ വില്‍പ്പന നടത്തുകയായിരുന്നുവെന്നും സന്ധ്യ മയങ്ങിയാല്‍ വീടിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് എന്നും സുധീര്‍ പറയുന്നു.
കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ ഉള്‍പ്പടെ ഭയമാണ് എന്നും ജനങ്ങളുടെ ഭീതി അകറ്റാനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ ബിന്ദുവും ആവശ്യപ്പെട്ടു.
എന്നാല്‍ കാല്പാടുകള്, ആക്രമണ രീതി അടക്കം പുളിയുടെത് എന്ന നിഗമനത്തില്‍ എത്തിയ വനം വകുപ്പ് പക്ഷെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ക്യാമറ സ്ഥാപിക്കുമെന്ന് പറയുന്നു. ക്യാമറ ഉടന്‍ സ്ഥാപിക്കുമെന്നും സ്ഥിരീകരണം ഉണ്ടായാല്‍ കൂട് സ്ഥാപിച്ചു പുലിയെ പിടിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മണ്ണാറപ്പാറ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ് മനോജ് പറഞ്ഞു. സ്ഥലത്ത് വനം വകുപ്പ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.