സാമൂഹിക വൈജ്ഞാനികനിര്മിതി ലക്ഷ്യം : മന്ത്രി ആര്. ബിന്ദു
1337606
Friday, September 22, 2023 11:19 PM IST
കൊല്ലം :സാധാരണക്കാരുടെ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന സാമൂഹികവൈജ്ഞാനിക നിര്‍മിതിയാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആര് ബിന്ദു.
ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ നാല് വര്‍ഷ ഡിഗ്രികോഴ്സിന്റെ ദ്വിദിന പാഠ്യക്രമപരിഷ്കരണ പരിശീലനപരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച സിലബസ് അതേപടി അനുവര്‍ത്തിക്കുകയല്ല മറിച്ച് കേരളത്തിന്റെ പരിതസ്ഥിതിക്ക് ഉപയുക്തമായ മാറ്റങ്ങള്‍ വരുത്തിയാണ് അതിനെ ഉപയോഗപ്പെടുത്തുക. തൊഴില്‍ലഭ്യത ഉറപ്പുവരുത്തുന്ന വൈദഗ്ധ്യപരിപോഷണപരിശീലനം കാലത്തിന്റെ അനിവാര്യതയാണ്. ഗവേഷണവിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.
പൊതുവിദ്യാഭ്യാസത്തില്‍ ഏറെ മുന്നിലെത്തിയ കേരളം ഉന്നതവിദ്യാഭ്യാസ മേഖലയിലും നേട്ടം കൈവരിക്കാനുള്ള തീവ്രമായ പരിശ്രമിത്തിലാണെന്നും മന്ത്രി പറഞ്ഞു.
കരിക്കോട് ടി കെ എം ആര്‍ട്സ് കോളജില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ .മുബാറക് പാഷ അധ്യക്ഷനായി.
സര്‍വകലാശാല വികസിപ്പിച്ച ഇ-കണ്ടന്റിന്റെയും വെര്‍ച്വല്‍ മൊഡ്യൂള്‍സിന്റെ യും യൂണിവേഴ്സിറ്റി ആപ് ' എല്‍ -ഡസ്ക്കിന്റെ യും പ്രകാശനം എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ .എസ്. വി .സുധീര്‍, പ്രൊഫ. അച്യുത് ശങ്കര്‍.എസ്.നായര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ബിജു കെ. മാത്യു, ഡോ .കെ .ശ്രീവത്സന്‍, ഡോ. എം .ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
ഓപ്പണ്‍ സര്‍വകലാശാലയുടെ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതികളില്‍ വെര്‍ച്വല്‍ ലേണിംഗ് എക്സ്പീരിയന്‍സ് എങ്ങനെ കൊണ്ട് വരാം എന്ന് പ്രൊഫ. അച്യുത്ശങ്കര്‍ വിശദമാക്കി. ഡോ പി .എം. മുബാറക് പാഷ യൂണിവേഴ്സിറ്റിയുടെ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രത്യേകതകള്‍ വിവരിച്ചു.